Home News തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടിംഗ് ദിനത്തിൽ ശുഭപ്രതീക്ഷയുമായി ഉമാ തോമസ്

തൃക്കാക്കര ഉപതിരഞ്ഞെടുപ്പ്; വോട്ടിംഗ് ദിനത്തിൽ ശുഭപ്രതീക്ഷയുമായി ഉമാ തോമസ്

141
0

തൃക്കാക്കരയിൽ വോട്ടെടുപ്പ് പുരോഗമിക്കുമ്പോൾ ശുഭ പ്രതീക്ഷയിലാണ് താനെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ഉമാ തോമസ്. തൃക്കാക്കര ജനത തന്നെ അംഗീകരിക്കുമെന്നാണ് തന്റെ വിശ്വാസമെന്ന് ഉമാ തോമസ് പറഞ്ഞു. ശക്തമായ പോരാട്ടം നടക്കുന്ന മണ്ഡലത്തിൽ തന്റെ കൂടെ പ്രവർത്തിച്ചവരാണ് തന്റെ ശക്തിയും ഊർജവുമെന്ന് ഉമ പ്രതികരിച്ചു. പിടി തോമസിന് വേണ്ടി കൂടിയാണ് താൻ മത്സര രംഗത്തിറങ്ങിയതെന്നും ഉമ കൂട്ടിച്ചേർത്തു. പോളിംഗ് ദിവസം മഴ മാറി നിൽക്കുന്നതും അനുകൂലമാണെന്നും ഉമാ തോമസ് പറഞ്ഞു. കലൂര്‍ പള്ളിയിലും പാലാരിവട്ടം ഹരിഹരസുത ക്ഷേത്രത്തിലും ദര്‍ശനം നടത്തിയ ശേഷം ഉമാ തോമസ് വീടിനടുത്തുള്ള ബൂത്തിൽ വോട്ട് ചെയ്യാൻ പോയത്.

അതേസമയം രാഷ്ട്രീയകേരളം ആകാംക്ഷയോടെ കാത്തിരുന്ന തൃക്കാക്കര ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് തുടരുകയാണ്. യുഡിഎഫ് എംഎൽഎ പി ടി തോമസ് അന്തരിച്ചതിനെ തുടർന്ന് നടക്കുന്ന തെര‍ഞ്ഞെടുപ്പിൽ കേരള രാഷ്ട്രീയം ഇതുവരെ കാണാത്ത ഉപതെരഞ്ഞെടുപ്പ് ആവേശമാണ് അരങ്ങേറുന്നത്. ‌തങ്ങളുടെ കോട്ട പിടിക്കാൻ യുഡിഎഫ് കളത്തിലിറക്കിയത് പി ടിയുടെ പ്രിയ പത്നി ഉമാ തോമസിനെ തന്നെയാണ്. കോട്ട പൊളിക്കാൻ എൽഡിഎഫ് ഇറക്കിയിരിക്കുന്നത് ജോ ജോസഫിനെയാണ്. എ ൻ രാധാകൃഷ്ണനിലൂടെ സംസ്ഥാനത്ത് അട്ടിമറി ജയം നേടാൻ കഴിയുമെന്ന് എൻഡിഎയും കരുതുന്നു.

അതേസമയം തൃക്കാക്കരയിൽ ഏഴ് മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകിട്ട് ആറിന് അവസാനിക്കും. അതീവ സുരക്ഷയാണ് തൃക്കാക്കരയില്‍ പൊലീസ് ഒരുക്കിയിട്ടുള്ളത്. 1,96,805 വോട്ടര്‍മാര്‍ വിധിയെഴുതുന്ന തൃക്കാക്കര മണ്ഡലത്തില്‍ വലിയ ആത്മവിശ്വാസത്തിലാണ് മൂന്ന് മുന്നണികളും.

Previous articleതൃക്കാക്കരയില്‍ എന്‍ഡിഎയ്ക്ക് അനുകൂലമായ അടിയൊഴുക്ക്‌; വിജയ പ്രതീക്ഷയെന്ന് എ.എന്‍ രാധാകൃഷ്ണന്‍
Next articleജമ്മു കശ്മീരിൽ സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ രണ്ട് ഭീകരർ കൊല്ലപ്പെട്ടു