മുഖ്യമന്ത്രിക്കെതിരെ തിരുവനന്തപുരത്തെ വിമാനത്തിൽ നടന്ന പ്രതിഷേധത്തിന്റെയും തുടർന്നുണ്ടായ സംഘർഷത്തിന്റെയും വിശദാംശങ്ങൾ ഡിജിസിഎ പരിശോധിക്കും. സുരക്ഷ വീഴ്ച അടക്കമുള്ള വിഷയങ്ങളാണ് ഡിജിസിഎയെ പരിശോധിക്കുക. സംഭവത്തിൽ പൈലറ്റിന്റെ റിപ്പോർട്ടും ഇൻഫ്‌ലൈറ്റ് സൂപ്പർവൈസറുടെ റിപ്പോർട്ടും ഡിജിസിഎ പരിശോധിക്കും. പ്രതിഷേധക്കാർക്ക് മർദനം ഏറ്റിട്ടുണ്ടോ എന്നതും വിലയിരുത്തും. ഷെഡ്യൂൾ 6 പ്രകാരം ഉള്ള കുറ്റകൃത്യങ്ങൾ എന്തൊക്കെ എന്ന് കണ്ടെത്താൻ വിവരശേഖരണവും നടത്തും. വിഷയത്തിൽ സ്വീകരിക്കേണ്ട തുടർനടപടികൾ എന്തെന്ന കാര്യത്തിൽ ധാരണയിൽ എത്താനാണ് നടപടി.
ഇന്ത്യൻ എയർക്രാഫ്റ്റ് റൂൾ (1937), പാർട്ട് 3, ചട്ടം 23 (എ) പ്രകാരം വിമാനത്തിൽ മുദ്രാവാക്യം വിളിക്കുകയോ ബഹളം വക്കുകയോ മറ്റ് യാത്രക്കാർക്ക് ഉപദ്രവം ഉണ്ടാക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്. ഷെഡ്യൂൾ 6 പ്രകാരം ഒരു വർഷം കഠിനതടവോ അഞ്ചുലക്ഷം രൂപ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ. ഇത്തരത്തിൽ വാക്കുകളാൽ മറ്റ് യാത്രക്കാരെ ഉപദ്രവിക്കുന്നവരെ മൂന്ന് മാസം വിമാനയാത്രയിൽ നിന്ന് വിലക്കാം. മറ്റുള്ളവരെ ശാരീരികമായി ഉപദ്രവിക്കുന്നവരെ ആറ് മാസവും വിലക്കാം.