തിരുവല്ലയില്‍ അധ്യാപിക ട്രെയിനില്‍ നിന്ന് വീണ് മരിച്ച സംഭവത്തില്‍ അന്വേഷണം ആവശ്യപ്പെട്ട കുടുംബം രംഗത്ത്. മരണത്തില്‍ ദുരൂഹത ആരോപിച്ചാണ് കുടുംബം റെയില്‍വെ പൊലീസില്‍ പരാതി നല്‍കിയിരിക്കുന്നത്. മേലുകാവ് സ്വദേശി ജിന്‍സി ജെയിംസായിരുന്നു കഴിഞ്ഞ ദിവസം ട്രെയിനില്‍ നിന്നും വീണ് മരിച്ചത്.
വര്‍ക്കലയിലെ സ്‌കൂളില്‍ അധ്യാപികയായ ജിന്‍സി, കോട്ടയത്തേക്കുളള പാസഞ്ചര്‍ ട്രയിനില്‍ വനിതാ കമ്പാര്‍ട്ട്‌മെന്റിലാണ് യാത്ര ചെയ്തിരുന്നത്. തിരുവല്ല റെയില്‍വെ സ്റ്റേഷനില്‍ നിന്ന് ട്രയിന്‍ നീങ്ങി പ്ലാറ്റ്‌ഫോം തീരാറായ സ്ഥലത്ത് എത്തിയപ്പോള്‍ ട്രയിനില്‍ നിന്ന് ജിന്‍സി വീഴുകയായിരുന്നു.
തിരുവല്ലയില്‍ നിന്ന് ട്രയിന്‍ നീങ്ങിതുടങ്ങിയ ശേഷം മുഷിഞ്ഞ വസ്ത്രം ധരിച്ച അജ്ഞാതനായ ഒരാള്‍ ജിന്‍സി യാത്ര ചെയ്ത കംപാര്‍ട്ട്‌മെന്റില്‍ കയറിയിരുന്നെന്ന് ചില യാത്രക്കാര്‍ സംശയം പ്രകടിപ്പിച്ചിരുന്നു. ഇങ്ങനെയൊരാള്‍ കയറിയെങ്കില്‍ ഇയാളുടെ ആക്രമണം ഭയന്ന് ജിന്‍സി പുറത്തേക്ക് ചാടിയതാകുമോ എന്ന ചോദ്യമാണ് ബന്ധുക്കള്‍ ഉന്നയിക്കുന്നത്.