പാലക്കാട്: മോഷണക്കേസ് പ്രതിയുടെ വെളിപ്പെടുത്തലിന് പിന്നാലെ പൊലീസ് നടത്തിയ തിരച്ചിലില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍. സുഹൃത്തായ ആഷിക്കിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്നാണ് മോഷണക്കേസ് പ്രതി നല്കിയ മൊഴി. മറ്റൊരു കേസില്‍ ചോദ്യം ചെയ്യുന്നതിനിടെയാണ് പ്രതിയില്‍ നിന്ന് പൊലീസിന് വിവരം ലഭിച്ചത്. ഈസ്റ്റ് ഒറ്റപ്പാലം സ്വദേശി മുഹമ്മദ് ഫിറോസാണ് പൊലീസിന് മൊഴി നല്‍കിയത്.
ഇതിന് പിന്നാലെ പൊലീസ് തിരച്ചില്‍ നടത്തുകയായിരുന്നു. തുടര്‍ന്ന് ഒറ്റപ്പാലം പാലപ്പുറത്തെ അഴീക്കല്‍പറമ്പില്‍ നിന്ന് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുത്തു. ഉച്ചയോടെ ആരംഭിച്ച തിരച്ചിലിനൊടുവില്‍ രണ്ട് മണിക്കൂറിന് ശേഷമാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെടുക്കാനായത്.
2015ലെ മോഷണക്കേസില്‍ ഈസ്റ്റ് ഒറ്റപ്പാലം സ്വദേശിയായ മുഹമ്മദ് ഫിറോസിനെ പട്ടാമ്പി പോലീസ് അറസ്റ്റ് ചെയ്തതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകത്തിന്റെ വിവരവും പുറത്തറിയുന്നത്. ഇതേ മോഷണക്കേസിലെ കൂട്ടുപ്രതിയും സുഹൃത്തുമായ ലക്കിടി സ്വദേശി ആഷിഖിനെ താന്‍ കൊന്ന് കുഴിച്ചുമൂടിയെന്നായിരുന്നു ഫിറോസ് പൊലീസിനോട് പറഞ്ഞത്.
കഴിഞ്ഞ ഡിസംബറിലാണ് ആഷിഖിനെ കൊലപ്പെടുത്തിയതെന്നും മൃതദേഹം പാലപ്പുറത്തെ ആളൊഴിഞ്ഞ പറമ്പില്‍ കുഴിച്ചിട്ടെന്നും പ്രതി പറഞ്ഞിരുന്നു. ഇതോടെയാണ് ചൊവ്വാഴ്ച ഉച്ചയോടെ പോലീസ് സംഘം വന്‍ സന്നാഹത്തോടെ പാലപ്പുറത്ത് തിരച്ചില്‍ ആരംഭിച്ചത്. തുടര്‍ന്ന് മൃതദേഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തുകയായിരുന്നു.
ഇത് ഇനി ആഷിഖിന്റേതാണോ എന്നത് തിരിച്ചറിയേണ്ടതുണ്ട്. വിവരമറിഞ്ഞ് ആഷിഖിന്റെ ബന്ധുക്കളും സ്ഥലത്ത് എത്തിയിട്ടുണ്ട്. എത്രയും വേഗം മൃതദേഹാവശിഷ്ടങ്ങള്‍ തിരിച്ചറിയാനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് പൊലീസിന്റെ ശ്രമം.