ഇന്ത്യയില്‍ ഇസ്ലാമോഫോബിയ വളര്‍ന്നു വരികയാണെന്ന് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപറേഷന്‍. ഇന്ത്യയിലെ മുസ്ലിങ്ങള്‍ക്ക് നേരെ അക്രമങ്ങള്‍ വര്‍ധിച്ച് വരുന്നതിനെതിരെ ഇസ്ലാമിക രാജ്യങ്ങളുടെ കൂട്ടായ്മയായ ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപറേഷന്‍ പ്രതികരിച്ചു. ഇസ്ലാമോഫോബിയ വളര്‍ന്ന് വരുകയാണെന്നും ഇന്ത്യയില്‍ മുസ്ലിങ്ങള്‍ക്കും അവരുടെ ആരാധനാലയങ്ങള്‍ക്കുമെതിരെ തുടര്‍ച്ചയായുണ്ടാകുന്ന അക്രമസംഭവങ്ങള്‍, വിവിധ സംസ്ഥാനങ്ങളില്‍ ഈയിടെയുണ്ടായ മുസ്ലിം വിരുദ്ധ നിയമനിര്‍മ്മാണങ്ങള്‍ തുടങ്ങിയവ അതിന്റെ കൃത്യമായ ലക്ഷണങ്ങളാണെന്നും ഒ.ഐ.സി പ്രതികരിച്ചു.
കര്‍ണാടകയിലെ കോളേജുകളില്‍ മുസ്ലിം വിദ്യാര്‍ത്ഥിനികളെ ഹിജാബ് ധരിച്ച് ക്ലാസില്‍ പ്രവേശിക്കുന്നത് തടയുന്നതും ഉത്തരാഖണ്ഡിലെ ഹരിദ്വാറില്‍ മുസ്ലിങ്ങള്‍ കൊല ചെയ്യപ്പെടുന്നതും ഉള്‍പ്പടെയുള്ള വിഷയങ്ങളിലാണ് ഒ.ഐ.സി ആശങ്ക പങ്കുവയ്ച്ചത്. മുസ്ലിം സ്ത്രീകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി ചൂഷണം ചെയ്യപ്പെടുന്നതായും സെക്രട്ടേറിയറ്റ് നിരീക്ഷിച്ചു. ഒ.ഐ.സിയുടെ ജനറല്‍ സെക്രട്ടേറിയറ്റാണ് വിഷയത്തില്‍ വിമര്‍ശനം ഉന്നയിച്ചത്. മുസ്ലീംങ്ങള്‍ക്കെതിരായ അതിക്രമത്തില്‍ ഐക്യരാഷ്ട്രസഭ, ഹ്യൂമന്‍ റൈറ്റ്സ് കൗണ്‍സില്‍ തുടങ്ങിയ സംഘടനകളും ഇന്റര്‍നാഷണല്‍ കമ്യൂണിറ്റിയും ഇടപെടണമെന്നതാണ് ഒ.ഐ.സിയുടെ പ്രധാന ആവശ്യം.
രാജ്യത്തെ പൗരന്മാരുടെ മൗലികാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടെന്നത് ഇന്ത്യാ ഗവണ്മെന്റ് ഉറപ്പുവരുത്തണമെന്നും അക്രമം കാട്ടുന്നവരെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപറേഷന്‍ ജനറല്‍ സെക്രട്ടേറിയറ്റ് ഇന്ത്യയോട് ആവശ്യപ്പെട്ടു. 57 അംഗരാജ്യങ്ങളാണ് ഓര്ഗനൈസേഷന് ഓഫ് ഇസ്ലാമിക് കോപറേഷന്റെ ഭാഗമായുള്ളത്. അഫ്ഗാനിസ്ഥാന്, ഈജിപ്ത്, ബഹ്റൈന്‍, ബംഗ്ലാദേശ്, ഇറാന്, ഇറാഖ്, കുവൈത്ത്, ഒമാന്‍, പാകിസ്ഥാന്, ഖത്തര്‍, സൗദി അറേബ്യ, തുര്‍ക്കി, യു.എ.ഇ, യെമന്‍ തുടങ്ങിയവയാണ് ഒ.ഐ.സിയുടെ പ്രധാന അംഗരാജ്യങ്ങള്‍.