പ്രവാചക വിരുദ്ധ പരാമര്‍ശം നടത്തിയ നൂപുര്‍ ശര്‍മ്മയെ അറസ്റ്റ് ചെയ്യണമെന്ന് അസറുദ്ദീന്‍ ഒവൈസി. ഇപ്പോള്‍ നടക്കുന്ന സംഘര്‍ഷങ്ങള്‍ അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ഇടപെടണമെന്ന് ഒവൈസി ആവശ്യപ്പെട്ടു. അതിനിടെ
ബിജെപി നേതാക്കളുടെ നബിവിരുദ്ധ പ്രസ്താവനയ്‌ക്കെതിരായ പ്രതിഷേധത്തില്‍ രാജ്യത്ത് ഇന്നും സംഘര്‍ഷം ഉണ്ടായി. മുഹമ്മദ് നബിക്കെതിരായ പരാമര്‍ശത്തെ ചൊല്ലിയുള്ള പ്രതിഷേധം പലയിടങ്ങളിലും ഇന്നും ആക്രമസക്തമായി.
സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് അടുത്ത ബുധനാഴ്ച വരെ പശ്ചിമ ബംഗാളില്‍ കര്‍ഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. ഹൗറയിലെ സംഘര്‍ഷ മേഖലകള്‍ സന്ദര്‍ശിക്കാന്‍ എത്തിയ പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ സുകാന്ത മജുംദാറിനെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. ഇതിനുപിന്നാലെ ബിജെപി പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമായി. പൊലീസിന്റെ നിഷ്‌ക്രിയത്വമാണ് സംഘര്‍ഷത്തിന് കാരണമെന്ന് ഗവര്‍ണര്‍ ജഗദീപ് ധന്‍ക്കര്‍ വിമര്‍ശിച്ചു.
അക്രമികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കണമെന്നും ഗവര്‍ണര്‍ ആവശ്യപ്പെട്ടു. ആക്രമണത്തിന് പിന്നില്‍ ബിജെപിയെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി തിരിച്ചടിച്ചു.