നിയമസഭാ സമ്മേളനം ഇന്ന് വീണ്ടും ചേരും. മൂന്ന് ദിവസത്തെ ഇടവേളക്ക് ശേഷമാണ് സഭ സമ്മേളിക്കുന്നത്. സ്വർണ്ണക്കടത്തിലെ പുതിയ ആരോപണങ്ങളും പി സി ജോർജ്ജിന്‍റെ അറസ്റ്റും ചൂണ്ടിക്കാട്ടി സർക്കാരിനെതിരെ ആഞ്ഞടിക്കാനാവും പ്രതിപക്ഷത്തിന്റെ ശ്രമം. മുഖ്യമന്ത്രിയുടെ മകൾക്കെതിരായ മാത്യു കുഴൽനാടന്‍റെ ആരോപണത്തിൽ ഇതുവരെ മുഖ്യമന്ത്രി മറുപടി പറഞ്ഞിട്ടില്ല. ഇക്കാര്യവും പ്രതിപക്ഷം ആയുധമാക്കും. അതേ സമയം പീഡന പരാതിയിലെ ജോർജ്ജിന്‍റെ അറസ്റ്റ് സ്വാഭാവിക നിയമ നടപടി എന്ന വാദമാകും ഭരണപക്ഷം ആവർത്തിക്കുക.
അതേസമയം എകെജി സെന്‍റര്‍ ആക്രമണക്കേസിലെ പ്രതിയെക്കുറിച്ച് നാലാം ദിവസവും പൊലീസിന് സൂചനയൊന്നും ലഭിച്ചിട്ടില്ല. മറ്റ് വിവരങ്ങളിലേക്ക് എത്താൻ കഴിയാത്തതിനാൽ സിസിടിവി ദൃശ്യങ്ങളിൽ കണ്ട ചുവന്ന സ്കൂട്ടറുകാരനെ വീണ്ടും വിളിപ്പിച്ച് ചോദ്യം ചെയ്യുന്നത് തുടരുകയാണ്. ഇയാൾക്ക് പങ്കുണ്ടെന്ന വിവരം ഇതുവരെയില്ലെങ്കിലും ഏതെങ്കിലും സൂചനകൾ നൽകാൻ കഴിയുമോയെന്നാണ് പൊലീസ് ശ്രമിക്കുന്നത്. എകെജി സെന്‍റര്‍ പരിസരത്തെ മൊബൈൽ ടവറുകളെ കേന്ദ്രീകരിച്ചും അന്വേഷണം നടക്കുന്നുണ്ട്.