പോക്സോ കേസുമായി ബന്ധപ്പെട്ട് നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും സൈജു തങ്കച്ചനും നല്കിയ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കും. ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ആണ് പരാതിക്കാര്‍ ശ്രമിക്കുന്നതെന്നു ചൂണ്ടിക്കാട്ടിയാണ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയത്.
നേരെത്തെ മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ച കോടതി പ്രതികളുടെ അറസ്റ്റ് തടഞ്ഞിരുന്നു. ഹോട്ടലിലെത്തിയ യുവതിയെയും മകളെയും ലൈംഗികമായി ഉപദ്രവിച്ചെന്നാണ് കേസ്. മോഡലുകളുടെ അപകടമരണ കേസിന് ശേഷം ചിലര്‍ തന്നെ പ്രത്യേക ലക്ഷ്യത്തോടെ കേസുകളില്‍ കുടുക്കാന്‍ ശ്രമിക്കുകയാണ്. അതിന്റെ ഭാഗമായിട്ടാണ് പുതിയ കേസെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നു.
2021 ഒക്ടോബര്‍ 20ന് റോയ് വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള നമ്പര്‍ 18 ഹോട്ടലില്‍ വെച്ചാണ് അതിക്രമം ഉണ്ടായതെന്നാണ് പരാതി. കോഴിക്കോട് സ്വദേശിയായ യുവതിയും ഇവരുടെ 17 വയസുള്ള മകളുമാണ് പരാതിക്കാര്‍.
കഴിഞ്ഞ ആഴ്ചയാണ് റോയ് വയലാട്ടിനും സുഹൃത്തുക്കള്‍ക്കും എതിരെ അമ്മയും 17 കാരിയായ മകളും പീഡന പരാതി നല്‍കിയത്. പരാതിയില്‍ റോയ് വയലാട്ട് സഹായി ഷൈജു തങ്കച്ചന്, അഞ്ജലി എന്നിവര്‍ക്കെതിരെയാണ് ഫോര്‍ട്ട് കൊച്ചി പോലീസ് കേസെടുത്തത്.
ജീവന് ഭീഷണിയുണ്ടെന്നും ആത്മഹത്യയുടെ വക്കിലാണെന്നുമാണ് പീഡനക്കേസിലെ പരാതിക്കാരി പറഞ്ഞത്. കേസിലെ പ്രതിയായ അഞ്ജലി ഇരകളെ ഒളിവിലിരുന്ന് നിരന്തരം വേട്ടയാടുകയാണ്. അഞ്ജലിയുടെ മറ്റ് പല ഇടപാടുകളെ കുറിച്ച് അറിയാമെന്നും , പൊലീസ് എന്തുകൊണ്ടാണ് അഞ്ജലിയെ അറസ്റ്റ് ചെയ്യാത്തതെന്നും പരാതിക്കാരി ചോദിച്ചിരുന്നു.