മലപ്പുറം തിരൂരില്‍ മുസ്ലിം കാരണവരുടെ മരണത്തില്‍ അനുശോചനമര്‍പ്പിച്ച് ഉത്സാവാഘോഷങ്ങള്‍ നിര്‍ത്തിവെച്ച് തൃപ്രങ്ങോട് ബീരാഞ്ചിറ പുന്നശേരി ഭഗവതി ക്ഷേത്രത്തിലെ ഭരണ സമിതി. മുസ്ലീം സഹോദരന്റെ മരണത്തില്‍ തങ്ങളുടെ ദുഖമറിയിക്കുന്നതിന്റെ ഭാഗമായാണ് ഉത്സവാഘോഷങ്ങള്‍ കുറച്ച് ക്ഷേത്രത്തിലെ ചടങങുകള്‍ മാത്രമായി നടത്താം എന്ന് ഭരണ സമിതി തീരുമാനിച്ചത്.
കൊടുങ്ങല്ലൂര്‍ ഭഗവതി സങ്കല്‍പ്പമാണ് ക്ഷേത്രത്തില്‍ കൊണ്ടാടുന്നത്. തങ്ങളുടെ കണ്മുന്നിലാണ് മുസ്ലിം കാരണവരായ ചെറാട്ടില്‍ ഹൈദര്‍ കുഴഞ്ഞുവീണു മരിച്ചതെന്ന് ക്ഷേത്ര ഭാരവാഹികള്‍ പറഞ്ഞു. വേണ്ടപ്പെട്ട ഒരാള്‍ മരണപ്പെട്ടു എന്ന് അറിഞ്ഞപ്പോള്‍ ആഘോഷങ്ങള്‍ വേണ്ട എന്ന് വെക്കുകയായിരുന്നുവെന്നും ഭാരവാഹികള്‍ പറഞ്ഞു.
ഒരാളുടെ മരണ വാര്‍ത്ത അറിഞ്ഞപ്പോള്‍ മറ്റൊന്നും നോക്കാതെ ആചാരാനുഷ്ഠാനങ്ങളും ഉത്സവാഘോഷങ്ങളും മാറ്റിവെച്ച് കൊണ്ടാ ക്ഷേത്ര ഭാരവാഹികള്‍ തങ്ങളുടെ ദുഖത്തില്‍ പങ്കുചേര്‍ന്നതെന്ന് മഹല്ല് കമ്മിറ്റി പ്രതിനിധി പറഞ്ഞു. സ്നേഹത്തിന്റെയും ഒരുമയുടേയും മറ്റൊരുദാഹരണം കൂടിയായിരിക്കയാണ് മലപ്പുറത്ത് നിന്നുള്ള ഈ വാര്‍ത്ത.