നികുതി വെട്ടിപ്പ് അന്വേഷണത്തിന്റെ ഭാഗമായി ചൈനീസ് ടെലികോം ഭീമനായ ഹുവാവേയുടെ ഇന്ത്യയിലെ പല സ്ഥാപനങ്ങളിലും ആദായനികുതി വകുപ്പ് ഒന്നിലധികം തവണ പരിശോധന നടത്തി. ഡൽഹി, ഗുരുഗ്രാം, കർണാടകയിലെ ടെക് ഹബ്ബായ ബെംഗളൂരു എന്നിവിടങ്ങളിൽ ആണ് പ്രധാനമായും ആദായനികുതി വകുപ്പ് പരിശോധന നടത്തിയത്.
അന്വേഷണത്തിന്റെ ഭാഗമായി സാമ്പത്തിക രേഖകളും അക്കൗണ്ട് ബുക്കുകളും കമ്പനി രേഖകളും ഉദ്യോഗസ്ഥർ പരിശോധിച്ചു. ചില രേഖകൾ പിടിച്ചെടുത്തതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തെ തങ്ങളുടെ പ്രവർത്തനങ്ങൾ നിയമത്തിന് അനുസൃതമാണെന്നും കൂടുതൽ വിവരങ്ങൾക്കായി ഞങ്ങൾ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളെ സമീപിക്കുകയും നിയമങ്ങളും ചട്ടങ്ങളും അനുസരിച്ച് നടപടിക്രമം പിന്തുടരുകയും ചെയ്യുമെന്ന് കമ്പനി അറിയിച്ചു.
സ്വകാര്യതയെച്ചൊല്ലി 54 ചൈനീസ് ആപ്പുകൾ ഇന്ത്യ നിരോധിച്ചതിന് തൊട്ടുപിന്നാലെയാണ് നികുതി വകുപ്പിന്റെ നീക്കം. ലോകത്തെ ഏറ്റവും വലിയ രണ്ടാമത്തെ ഫോൺ ഉപയോക്താക്കളുള്ള ഇന്ത്യയിൽ കഴിഞ്ഞ വർഷം 5ജി ട്രയലുകൾ നടത്താൻ ഹുവാവേയെ അനുവദിച്ചിരുന്നില്ല. ഡിസംബറിൽ, ചൈനീസ് ഫോൺ നിർമ്മാതാക്കളായ ഷവോമി, ഒപ്പോ എന്നീ കമ്പനികളുടെ 11 സംസ്ഥാനങ്ങളിൽ തിരച്ചിൽ നടത്തിയിരുന്നു.