ബിജെപിയുടെ കീഴിൽ ഉത്തർപ്രദേശ് പുരോഗതിയുടെ പുതിയ ചക്രവാളത്തിലേക്ക് നീങ്ങുകയാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹമീർപുരിയിലെ പൊതുറാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നല്ല റോഡുകൾ നിർമ്മിച്ച് സർക്കാർ സംസ്ഥാനത്തിന് മറ്റൊരു മുഖം നൽകി. ഇതിലൂടെ സംസ്ഥാനത്തിലുടനീളം സംരഭകത്വവും പുരോഗതിയും ഉന്നതിയിലെത്തിയെന്ന് അദ്ദേഹം പറഞ്ഞു.
റോഡുകൾ വീതി കൂട്ടുന്നത് ജനങ്ങൾക്ക് എളുപ്പമുള്ള ഗതാഗതത്തിന് സഹായിക്കുകയും ഇത് വലിയ വികസനത്തിലേക്ക് നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഹമീർപുരിൽ റാത്ത് മുതൽ ചികാസി വരെയും റാത്ത് മുതൽ പൻവാരി വരെയും റോഡിന് വീതി കൂട്ടിയതായി അദ്ദേഹം ചൂണ്ടിക്കാട്ടി. ഇരട്ട എഞ്ചിനുള്ള ബിജെപി സർക്കാർ ഗ്രാമങ്ങളെയും പ്രധാന റോഡുകളെയും തമ്മിൽ ബന്ധിപ്പിച്ച് വീടുകൾ തോറും വികസനം സാധ്യമാക്കുന്നുവെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
മികച്ച ഭരണത്തിനായും പൊതുക്ഷേമത്തിനായും ഭാരതീയ ജനതാ പാർട്ടി പ്രതിജ്ഞാബദ്ധമാണെന്നും സംസ്ഥാനത്തിന്റെ ബഹുമുഖ വികസനം ബിജെപിയുടെ നയമാണെന്നും യോഗി പറഞ്ഞു. 184.49 കോടി രൂപ ചെലവിൽ ഹമീർപൂരിൽ നിർമ്മിച്ച യമുന നദീപാലം,ബെത്വ നദീപാലം, രോഹൈൻ പാലം തുടങ്ങിയവ സർക്കാറിന്റെ പ്രതിബദ്ധതയുടെ സാക്ഷ്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഹമീർപൂരിലെ സർക്കാർ കോളേജും പോളിടെക്നിക്കും ഈ പരിശ്രമത്തിന്റെ ഫലമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.