Home News കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോന്‍സിബിലിറ്റി മാനേജര്‍; സ്വപ്ന സുരേഷിന് പുതിയ ജോലിയായി

കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോന്‍സിബിലിറ്റി മാനേജര്‍; സ്വപ്ന സുരേഷിന് പുതിയ ജോലിയായി

298
0

സ്വര്‍ണ്ണക്കടത്തു കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളുപ്പെടുത്തലുകള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ കേസിലെ പ്രധാന പ്രതിയായ സ്വപ്‌ന സുരേഷിന് പുതിയ ജോലി ശരിയായി. എച്ച്ആര്‍ഡിഎസ് എന്ന എന്‍.ജി.ഒയില്‍ കോര്‍പറേറ്റ് സോഷ്യല്‍ റെസ്പോന്‍സിബിലിറ്റി മാനേജര്‍ പദവിയിലാണ് നിയമനം. പാലക്കാട് ആസ്ഥാനമായ എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്. ആദിവാസി മേഖലയില്‍ വീടുകള്‍ വെച്ചുനല്‍കാനും മറ്റുമായി പ്രവര്‍ത്തിക്കുന്ന എന്‍ ജി ഒയാണ് എച്ച് ആര്‍ ഡി എസ്.

വിദേശത്തുനിന്ന് ഇതിനായി പണമെത്തിക്കുന്നതുമായി ബന്ധപ്പെട്ട ചുമതലയാകും സ്വപ്ന സുരേഷിന് ലഭിക്കുക. ഗള്‍ഫ് രാജ്യങ്ങളുമായാകും പ്രധാനമായും ബന്ധപ്പെടേണ്ടി വരിക. ഈ മാസം 12ന് ജോലിയില്‍ പ്രവേശിക്കണമെന്നാണ് സ്വപ്നയ്ക്ക് മുന്‍പ് നിര്‍ദ്ദേശം നല്‍കിയിരുന്നത്. പക്ഷേ എന്‍ഫോഴ്സ്മെന്റ ഡയറക്ടറേറ്റിന്റെ ചോദ്യം ചെയ്യലിന്റെ പശ്ചാത്തലത്തില്‍ സ്വപ്ന മറ്റൊരു ദിവസം ജോലിക്കെത്താമെന്ന് അറിയിക്കുകയായിരുന്നു. തന്നെ എല്ലാവരും ഒറ്റപ്പെടുത്തുകയാണെന്നും തനിക്ക് ജോലി ലഭിക്കുന്നില്ലെന്നും സ്വപ്ന സുരേഷ് മാധ്യമങ്ങള്‍ക്ക് മുന്നില്‍ സൂചിപ്പിച്ചിരുന്നു. ഇതിനു ശേഷമാണ് സ്വപ്‌നയുടെ നിയമനം.

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷിന്റെ അഭിഭാഷകന്‍ വക്കാലത്തൊഴിഞ്ഞു. അഭിഭാഷകനായ സൂരജ് ടി ഇലഞ്ഞിക്കലാണ് കേസില്‍ നിന്നും പിന്മാറിയിരിക്കുന്നത്. കേസ് പരിഗണിക്കുന്ന കൊച്ചിയിലെ എന്‍ ഐ എ കോടതിയില്‍ ഇദ്ദേഹം നിലപാടറിയിച്ചിട്ടുണ്ട്. സ്വപ്നയെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാനിരിക്കെയാണ് അഭിഭാഷകന്റെ പിന്മാറ്റമെന്നതാണ് ഏറ്റവും ശ്രദ്ധേയം. വക്കാലത്തൊഴിയാനുള്ള കാരണം പുറത്തുപറയാനാകില്ലെന്ന നിലപാടിലാണ് അഭിഭാഷകന്‍.

Previous articleരാജസ്ഥാനിൽ സ്കൂൾ ബസ് മറിഞ്ഞു; രണ്ട് കുട്ടികൾക്ക് ദാരുണാന്ത്യം; 40 കുട്ടികൾക്ക് പരിക്ക്
Next articleഓണ്‍ലൈനായി പണം വായ്പ വാങ്ങി; സ്ത്രീകളുടെ ചിത്രങ്ങള്‍ പോണ്‍സൈറ്റുകളില്‍ പ്രചരിക്കുന്നതായി പരാതി