സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ് പുതിയ ജോലിയില്‍ പ്രവേശിച്ചു. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി ആണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്.
ഈ സ്വകാര്യ എന്‍ജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോലിയില്‍ പ്രവേശിച്ചത്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് എച്ച്ആര്‍ഡിഎസ്. വിദേശത്ത് നിന്ന് അടക്കം കമ്പനികളില്‍ നിന്ന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുന്നതാണ് സ്വപ്ന സുരേഷിന്റെ ജോലി. പ്രതിമാസശമ്പളം നാല്‍പ്പത്തിമൂവായിരം രൂപയാണ്.
ഈ മാസം പതിനൊന്നാം തീയതിയാണ് പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്നവ എച്ച്ആര്‍ഡിഎസ് എന്ന എന്‍ജിഒയില്‍ സിഎസ്ആര്‍ ഡയറക്ടറായി സ്വപ്ന സുരേഷിന് നിയമന ഉത്തരവ് നല്‍കിയത്. വിദേശത്തും ഇന്ത്യയിലുമുള്ള കമ്പനികളില്‍ നിന്നടക്കം വിവിധ പദ്ധതികള്‍ക്കായി കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്‍സബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുക, വിദേശ സഹായം ലഭിക്കുവാന്‍ പ്രവര്‍ത്തിക്കുക എന്നിവയാണ് സ്വപ്നയുടെ പ്രധാനചുമതല. ചുമതലകള്‍ നിര്‍വ്വഹിക്കുന്നത് വിലയിരുത്തി ശമ്പള ഇനത്തില്‍ വര്‍ധനവ് നല്‍കുമെന്ന് നിയമന ഉത്തരവ് പറയുന്നു.
ആദിവാസി വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് വീട് നിര്‍മ്മിച്ച് നല്കുന്ന സദ്ഗൃഹ എന്ന പദ്ധതിയിലേക്കാണ് ഫണ്ട് ലഭ്യമാക്കേണ്ടത്. ജാമ്യത്തിലിറങ്ങിയ ശേഷം തനിക്ക് ആരും ജോലി നല്‍കുന്നില്ലെന്നും കടുത്ത പ്രതിസന്ധിയിലാണെന്നും സ്വപ്ന പറഞ്ഞിരുന്നു.