തനിക്ക് പുതിയ ജോലി ലഭിക്കാന്‍ കാരണമായ സുഹൃത്തിന് നന്ദി പറഞ്ഞ് സ്വപ്ന സുരേഷ്. പുതിയ ജോലി തന്റെ അന്നമാണെന്നും വിവാദങ്ങള്‍ അതിന്റെ വഴിക്ക് പോകട്ടെയെന്നും സ്വപ്ന സുരേഷ് പറഞ്ഞു. പുതിയ ജോലിയില്‍ പ്രവേശിച്ചതിന് ശേഷമായിരുന്നു സ്വപ്നയുടെ പ്രതികരണം.
തനിക്ക് ലഭിച്ചിരിക്കുന്ന ജോലിയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും ആത്മാര്‍ഥമായി 24 മണിക്കൂറും പ്രവര്‍ത്തിക്കാന്‍ സാധിക്കാന്‍ ശ്രമിക്കുമെന്നും സ്വപ്ന വ്യക്തമാക്കി.വലിയ സ്ഥാപനമെന്നോ ചെറിയ സ്ഥാപനമെന്നോ ഉള്ള വ്യത്യാസം തനിക്കില്ലെന്നും തന്നില്‍ അര്‍പ്പിച്ച വിശ്വാസത്തിന് അനുസരിച്ച് പ്രവര്‍ത്തിക്കുക എന്നതാണ് തന്റെ ലക്ഷ്യമെന്നും സ്വപ്ന പറഞ്ഞു.
പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി ആണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്. ഈ സ്വകാര്യ എന്‍ജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോലിയില്‍ പ്രവേശിച്ചത്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് എച്ച്ആര്‍ഡിഎസ്. വിദേശത്ത് നിന്ന് അടക്കം കമ്പനികളില്‍ നിന്ന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുന്നതാണ് സ്വപ്ന സുരേഷിന്റെ ജോലി. പ്രതിമാസശമ്പളം നാല്‍പ്പത്തിമൂവായിരം രൂപയാണ്.