കെടി ജലീൽ നൽകിയ ഗൂഢാലോചനക്കേസിൽ സ്വപ്‌ന സുരേഷിന്റെ മുൻകൂർ ജാമ്യഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. വ്യാജ രേഖ ഉണ്ടാക്കി എന്നതടക്കം മൂന്ന് ജാമ്യമില്ലാ വകുപ്പുകൾ കൂടി അന്വേഷണ സംഘം തനിക്കെതിരെ ചുമത്തിയെന്നും അറസ്റ്റ് ചെയ്യാൻ സാധ്യതയുണ്ടെന്നും കാണിച്ചാണ് സ്വപ്‍ന മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നത്. വെള്ളിയാഴ്ച വരെ അറസ്റ്റ് തടയണമെന്ന സ്വപ്നയുടെ ആവശ്യം കോടതി അംഗീകരിച്ചിരുന്നില്ല. പാലക്കാട് കേസിൽ എഫ്ഐആർ റദ്ദാക്കണമെന്ന സ്വപ്‍നയുടെ ഹർജിയും ഇന്ന് പരിഗണിക്കും.
അതേസമയം സ്വപ്ന സുരേഷ് നൽകിയ രഹസ്യ മൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് സരിത എസ് നായർ നൽകിയ ഹർജിയും ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡോ. കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഹർജി പരിഗണിക്കുന്നത്. ഇതേ ആവശ്യം ഉന്നയിച്ച് എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിൽ നൽകിയ ഹർജി നേരത്തെ തള്ളിയിരുന്നു.