ഡല്‍ഹി: സ്വര്‍ണക്കടത്ത് കേസിലെ മുഖ്യ പ്രതിയായ സ്വപ്ന സുരേഷിനെ എച്ച്ആര്‍ഡിഎസ്സില്‍ നിയമിച്ചതിനെ പറ്റി തനിക്ക് അറിവില്ലെന്ന് ബിജെപി നേതാവും കൊല്ലത്ത് നിന്നുള്ള മുന്‍ കോണ്‍ഗ്രസ് എംപിയുമായ എസ് കൃഷ്ണകുമാര്‍.
സ്വപ്നയുടെ നിയമന കാര്യത്തില്‍ തനിക്ക് ഒരു പങ്കുമില്ല. എങ്ങനെയാണ് എച്ച്ആര്‍ഡിഎസ്സില്‍ സ്വപ്നയെ നിയമിച്ചതെന്ന് തനിക്ക് ഒരു അറിവുമില്ല. സ്വപ്നയുടെ നിയമനം തന്നെ നിയമസാധുതയില്ലാത്തതാണ്. നിയമവിരുദ്ധമായ നീക്കങ്ങളാണ് സംഘടനയില്‍ നടക്കുന്നതെന്നും, സംഘടനയുടെ ചെയര്മാന് സ്ഥാനത്ത് നിന്ന് തന്നെ നീക്കിയെന്ന തരത്തിലുള്ള പ്രചാരണങ്ങളാണ് നടക്കുന്നതും എച്ച്ആര്‍ഡിഎസ് ചെയര്‍മാനായ എസ് കൃഷ്ണകുമാര്‍ പറഞ്ഞു.
വിദേശത്ത് നിന്ന് അടക്കം ഇത്രയധികം ഫണ്ട് വരുന്ന ഒരു എന്‍ജിഒ അല്ല അത്. ചില്ലറ ഫണ്ട് ചിലയിടങ്ങളില്‍ നിന്ന് വരുന്നുണ്ടെന്നല്ലാതെ ഇതില്‍ വലിയൊരു ഫണ്ട് ശേഖരണം നിലവില്‍ നടക്കുന്നില്ല. എന്തെല്ലാമാണ് ഈ സംഘടനയുടെ പേരില്‍ നടക്കുന്ന ഇടപാടുകളെന്നോ ഇവിടത്തെ നിയമനങ്ങള്‍ എന്തെന്നോ തനിക്ക് ഒരു പിടിയുമില്ലെന്നും എസ് കൃഷ്ണകുമാര്‍ പറയുന്നു.
പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എച്ച്ആര്‍ഡിഎസ് എന്ന സന്നദ്ധസംഘടനയില്‍ സിഎസ്ആര്‍ ഡയറക്ടറായി ആണ് സ്വപ്നയെ നിയമിച്ചിരിക്കുന്നത്.
ഈ സ്വകാര്യ എന്‍ജിഒയുടെ തൊടുപുഴ ഓഫീസിലെത്തിയാണ് സ്വപ്ന ജോലിയില്‍ പ്രവേശിച്ചത്. ആദിവാസി മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സന്നദ്ധസംഘടനയാണ് എച്ച്ആര്‍ഡിഎസ്. വിദേശത്ത് നിന്ന് അടക്കം കമ്പനികളില്‍ നിന്ന് കോര്‍പ്പറേറ്റ് സോഷ്യല്‍ റെസ്പോണ്സിബിലിറ്റി ഫണ്ട് കണ്ടെത്തി നല്‍കുന്നതാണ് സ്വപ്ന സുരേഷിന്റെ ജോലി. പ്രതിമാസശമ്പളം നാല്‍പ്പത്തിമൂവായിരം രൂപയാണ്.