ശ്രീലങ്കയില്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കുന്നു. 264 ശതമാനമാണ് വൈദ്യുതി നിരക്കില്‍ വര്‍ധനവ് ഏര്‍പ്പെടുത്തുന്നത്. നിരക്ക് വര്‍ധനവിനുള്ള അനുമതി ലഭിച്ചതായി സിലോണ്‍ ഇലക്ട്രിസിറ്റി ബോര്‍ഡ് (സിഇബി) അറിയിച്ചു. 616 ദശലക്ഷം ഡോളറാണ് സിഇബിയുടെ നിലവിലെ സാമ്പത്തിക നഷ്ടം.
നഷ്ടം നികത്താനുള്ള നടപടികളുടെ ഭാഗമായി നടപ്പിലാക്കുന്ന നിരക്ക് വര്‍ധനവ് ബുധനാഴ്ച മുതല്‍ നിലവില്‍ വരും. 800 ശതമാനം വര്‍ധനവാണ് സിഇബി ആവശ്യപ്പെട്ടതെങ്കിലും 264 ശതമാനം വര്‍ധനവ് മാത്രമാണ് അനുവദിക്കപ്പെട്ടത്.
7.8 ദശലക്ഷം ഉപഭോക്താക്കളില്‍ മൂന്നില്‍ രണ്ട് ഭാഗം 90 കിലോവാട്ടില്‍ കുറവ് വൈദ്യുതി ഉപയോഗിക്കുന്നവരാണ്. നിരക്ക് വര്‍ധനവ് ഈ വിഭാഗത്തേയാണ് കൂടുതലായി ബാധിക്കുന്നത്. കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് 80 ശതമാനത്തോളം മാത്രമാണ് വര്‍ധനവ്. വലിയ ഉപഭോക്താക്കള്‍ക്ക് യൂണിറ്റിന് 45 രൂപയായിരുന്നത് വര്‍ധനവോടെ 75 രൂപയാകും.