കൊളംബോ: ശ്രീലങ്കയില്‍ സാമ്പത്തിക പ്രതിസന്ധി ശക്തമായി തുടരുന്നതിനിടെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ‘വര്‍ക്ക് ഫ്രം ഹോം’ നടപ്പാക്കി ഭരണകൂടം. ഇന്ധനക്ഷാമം അതിരൂക്ഷമായതോടെയാണ് രണ്ട് ആഴ്ചത്തേക്ക് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ ശ്രീലങ്കന്‍ ഭരണകൂടം ഉത്തരവിട്ടിരിക്കുന്നത്.
ശ്രീലങ്കയില്‍ പെട്രോളിനും ഡീസലിനും വില വര്‍ധനവ് പ്രഖ്യാപിച്ച് സിലോണ്‍ പെട്രോളിയം കോര്‍പ്പറേഷന്‍ അറിയിച്ചിരുന്നു. പെട്രോള്‍ വില 24.3 ശതമാനവും ഡീസലിന് 38.4 ശതമാനവും വര്‍ധിപ്പിച്ചു. പെട്രോളിന് 420 രൂപയും ഡീസലിന് 400 രൂപയും ആണ് ഇന്നത്തെ വില. കഴിഞ്ഞ തവണത്തേതില്‍ നിന്നും പെട്രോളിന് 82 രൂപയും ഡീസലിന് 111 രൂപയും ആണ് കൂടിയത്.
ഇന്ധനത്തിന്റെ കരുതല്‍ ശേഖരവും തീര്‍ന്നുകൊണ്ടിരിക്കുകയാണ്. ഇതോടൊപ്പം ഇന്ധനക്ഷാമത്തെ തുടര്‍ന്ന് പൊതുഗതാഗതവും കാര്യമായി പ്രവര്‍ത്തിക്കുന്നില്ല. ഈയൊരു സാഹചര്യത്തില്‍ സ്വകാര്യ വാഹനങ്ങളുമായി ഓഫീസിലെത്താന്‍ നിര്‍ദേശിക്കുന്നതും പ്രയാസം സൃഷ്ടിക്കുമെന്നതിനാല്‍ കുറഞ്ഞ ആളുകളെ മാത്രം ഓഫീസുകളില്‍ നിര്‍ത്തി ബാക്കിയുള്ളവരോടെല്ലാം വീടുകളില്‍നിന്ന് ജോലി ചെയ്യാനാണ് ആവശ്യപ്പെട്ടിരിക്കുന്നതെന്ന് മന്ത്രാലയം അറിയിച്ചു. തിങ്കളാഴ്ച മുതല്‍ രണ്ട് ആഴ്ചത്തേക്കാണ് ആദ്യഘട്ടത്തില്‍ വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ചിരിക്കുന്നത്.