കൊച്ചി: ബലാത്സംഗക്കേസിനെ തുടര്‍ന്ന് ഒളിവിലായിരുന്ന വ്ലോഗര്‍ ശ്രീകാന്ത് വെട്ടിയാര്‍ പൊലീസില്‍ കീഴടങ്ങി. ഇന്ന് അഭിഭാഷകനൊപ്പം എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തിയാണ് ഇയാള്‍ കീഴടങ്ങിയത്. ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് എറണാകുളം സെന്‍ട്രല്‍ സ്റ്റേഷനില്‍ ഹാജരായത്.
കേസില്‍ ഇദ്ദേഹത്തിന് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിരുന്നു. ഈ സാഹചര്യത്തില്‍ ഇന്ന് ശ്രീകാന്തിന്റെ അറസ്റ്റ് രേഖപ്പെടുത്തുകയാണെങ്കില്‍ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കി ജാമ്യം നല്‍കും.
കേസില്‍ കഴിഞ്ഞ ആഴ്ച ശ്രീകാന്തിന് ജാമ്യം ലഭിച്ചിരുന്നു. പരാതി നല്കിയ യുവതിയും താനും സുഹൃത്തുക്കളായിരുന്നെന്നും ഗൂഢ ലക്ഷ്യത്തോടെയാണ് ലൈംഗികാരോപണം ഉന്നയിക്കുന്നതെന്നുമാണ് ശ്രീകാന്ത് വെട്ടിയാര്‍ മുന്‍കൂര്‍ ജാമ്യത്തിനായി സമര്‍പ്പിച്ച ഹരജിയില്‍ പറഞ്ഞത്.വെട്ടിയാറിനെതിരെ ബലാത്സംഗ പരാതി നല്കിയ കൊല്ലം സ്വദേശിനിയായ യുവതിയുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.
ആലുവയിലെ ശ്വാസ് അക്വാസിറ്റി ഹാറ്റില്‍ വെച്ച് 2021 ഫെബ്രുവരി പതിനഞ്ചിനും എം.ജി റോഡിലെ ഐ.ബി.ഐ.എസ് ഹോട്ടലില്‍ വെച്ച് 2021 ഒക്ടോബര്‍ 25നും ശ്രീകാന്ത് വെട്ടിയാര്‍ ബലാല്‍സംഗം ചെയ്തെന്നാണ് കേസ്. പ്രണയം നടിച്ച്, വിവാഹവാഗ്ദാനം നല്കി പീഡിപ്പിച്ചെന്നാണ് യുവതി ആരോപിക്കുന്നത്. യുവതിയുടെ പരാതിയില്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 376 (2)(എന്‍) വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.