Home News മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

മലയാളി ബോളിവുഡ് ഗായകൻ കെ കെ അന്തരിച്ചു; പ്രധാനമന്ത്രി അനുശോചനം അറിയിച്ചു

147
0

മലയാളിയായ പ്രശസ്ത ബോളവുഡ് ഗായകൻ കെ കെ എന്ന കൃഷ്ണകുമാര്‍ കുന്നത്ത് അന്തരിച്ചു. 53 വയവസായിരുന്നു. കൊല്‍ക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് മരണം. കൊൽക്കത്തയിലെ നസ്‌റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം കെ.കെ താൻ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.

തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് ഉടൻ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു. ഹൃദയാഘാതമാണ് മരണകാരണം എന്നാണ് ആശുപത്രി വൃത്തങ്ങൾ അറിയിക്കുന്നത്. പോസ്റ്റ് മോർട്ടം ഇന്ന് നടക്കും.

കൊൽക്കത്തയിൽ അദ്ദേഹത്തിന് രണ്ട് ഷോകൾ ഉണ്ടായിരുന്നു. കൊൽക്കത്ത ഓഡിറ്റോറിയത്തിൽ നടന്ന സംഗീത പരിപാടിയുടെ ദൃശ്യങ്ങൾ അദ്ദേഹം മണിക്കൂറുകൾക്ക് മുൻപ് തന്റെ ഔദ്യോഗിക ഇൻസ്റ്റഗ്രാം പേജിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്.

വിവിധ ഭാഷകളിലായി എഴുന്നൂറോളം ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്. 1990 കളുടെ അവസാനത്തിൽ വലിയ ഹിറ്റായി മാറിയ ‘പാൽ’, ‘യാരോൻ’ തുടങ്ങിയ ഗാനങ്ങൾക്ക് ശബ്ദം നൽകിയത് കെ.കെയാണ്. 1999-ലെ അദ്ദേഹത്തിന്റെ ആദ്യ ആൽബം പാൽ നിരൂപക പ്രശംസ നേടിയിരുന്നു. 2000-കളുടെ തുടക്കം മുതൽ, അദ്ദേഹം പിന്നണി ഗാനരംഗത്തും സജീവമായിരുന്നു. മലയാളത്തിൽ നിന്ന് പോയി ബോളിവുഡിൽ തന്റെ വ്യക്തിമുദ്ര പതിപ്പിച്ച ഗായകൻ കൂടിയാണ് അദ്ദേഹം. പുതിയ മുഖം എന്ന ചിത്രത്തിലെ പ്രശസ്ത ഗാനത്തിനും അദ്ദേഹം ശബ്ദം നൽകിയിട്ടുണ്ട്.

കെകെയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചനം അറിയിച്ചു. ”കെ കെ എന്നറിയപ്പെടുന്ന പ്രശസ്ത ഗായകൻ കൃഷ്ണകുമാർ കുന്നത്തിന്റെ വിയോഗത്തിൽ വളരെ ദുഃഖിതനാണ്. എല്ലാ പ്രായത്തിലുമുള്ള ആളുകൾക്ക് ഹൃദയസ്പർശിയായിരുന്നു അദ്ദേഹത്തിന്റെ ഗാനങ്ങൾ. കെകെയുടെ പാട്ടുകളിലൂടെ നാം എന്നും അദ്ദേഹത്തെ ഓർക്കും. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി.” പ്രധാനമന്ത്രി കുറിച്ചു.

Previous articleരണ്ടു വർഷത്തെ കൊവിഡ് ഇടവേളയ്ക്ക് ശേഷം തിരികെ സ്‌കൂളിലേയ്‌ക്ക്: സംസ്ഥാനത്ത് പുതിയ അദ്ധ്യയന വർഷ൦ ഇന്ന് ആരംഭിക്കും
Next articleബലാത്സംഗക്കേസ്: നടൻ വിജയ് ബാബു ഇന്ന് കൊച്ചിയിൽ തിരിച്ചെത്തും; ചോദ്യം ചെയ്ത് വിട്ടയക്കും