സംസ്ഥാന വൈദ്യുതി ബോര്‍ഡിന്റെ പേരില്‍ തട്ടിപ്പ് വ്യാപകം. വൈദ്യുതി ബില്ലടച്ചില്ലെന്നു പറഞ്ഞ് ഫോണ്‍ ഷെയറിങ് ആപ് ഡൗണ്‍ലോഡ് ചെയ്യിച്ച് യുവാവിന്റെ 24,000 രൂപ കവര്‍ന്നതായി ആണ് ഇപ്പോള്‍ പരാതി വന്നിരിക്കുന്നത്. തൃശൂര്‍ പാട്ടുരായ്ക്കല്‍ സ്വദേശിയാണ് കബളിപ്പിക്കപ്പെട്ടത്. തൃശൂര്‍ സൈബര്‍ സെല്ലില്‍ പരാതി നല്കി.
പലര്‍ക്കും ലക്ഷക്കണക്കിന് രൂപയാണ് ഇതിലൂടെ നഷ്ടപ്പെട്ടത്. ഇതിനെതിരെ കെ.എസ്.ഇ.ബി സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയെങ്കിലും അന്വേഷണം ഇഴഞ്ഞു നീങ്ങുകയാണ്.
വൈദ്യുതി വിതരണ ചുമതലയുള്ള തൃശൂര്‍ കോര്‍പറേഷനില്‍ കുടിശ്ശികയുണ്ടായിരുന്ന യുവാവിനെ ഉടന്‍ പണമടച്ചില്ലെങ്കില്‍ ‘ഇന്ന് രാത്രി 9.30’ന് വൈദ്യുതി വിച്ഛേദിക്കപ്പെടുമെന്ന മുന്നറിയിപ്പ് എസ്.എം.എസ് വഴിയാണ് ചതിയില്‍ കുടുക്കിയത്. പണമടക്കാമെന്ന് പറഞ്ഞ് മൊബൈല്‍ ഷെയറിങ് ആപ്പായ ‘ ടീം വ്യൂവര്‍’ ഇന്‍സ്റ്റാള്‍ ചെയ്യിച്ച് മൊബൈലിന്റെ നിയന്ത്രണം മറുവശത്തെ വ്യക്തി ഏറ്റെടുത്തു.
തുടര്‍ന്ന് മൊബൈല്‍ നമ്പറില്‍ 20 രൂപക്ക് റീചാര്‍ജ് ചെയ്യാന്‍ ആവശ്യപ്പെടുകയും ചെയ്ത ഉടന്‍ അക്കൗണ്ടിലുണ്ടായിരുന്ന പണം പിന്‍വലിക്കുകയുമായിരുന്നു. 20 രൂപയുടേതാണെന്ന് കരുതി ഒ.ടി.പി ഷെയര്‍ ചെയ്തതോടെ കബളിപ്പിക്കല്‍ പൂര്‍ണമായി. അക്കൗണ്ടില്‍ ആകെയുണ്ടായിരുന്ന 32,000 രൂപയില്‍ നിന്നാണ് 24,000 രൂപ പിന്‍വലിച്ചത്.
ഉപഭോക്താക്കളുടെ ബാങ്ക് അക്കൗണ്ട്, ഒ.ടി.പി വിവരങ്ങള്‍ എന്നിവ നേരത്തെ ഡൗണ്‍ലോഡ് ചെയ്യപ്പെട്ട ആപ്ലിക്കേഷനിലൂടെ തട്ടിപ്പുകാര്‍ക്ക് ലഭിക്കുന്നു. തുടര്‍ന്ന് അക്കൗണ്ടിലുള്ള പണം തട്ടിയെടുക്കുകയും ചെയ്യും.