Home News യുക്രൈൻ – റഷ്യ യുദ്ധം ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകു൦; ഐക്യരാഷ്ട്രസഭ

യുക്രൈൻ – റഷ്യ യുദ്ധം ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകു൦; ഐക്യരാഷ്ട്രസഭ

140
0

യുക്രൈൻ – റഷ്യ യുദ്ധം വരും മാസങ്ങളില്‍ ആഗോള ഭക്ഷ്യക്ഷാമത്തിന് കാരണമാകുമെന്ന് ഐക്യരാഷ്ട്രസഭയുടെ മുന്നറിയിപ്പ്. വിലക്കയറ്റം മൂലം സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന രാജ്യങ്ങളില്‍ ഭക്ഷ്യക്ഷാമം രൂക്ഷമാകുമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടറസ് മുന്നറിയിപ്പ് നല്‍കി. യുദ്ധം തുടര്‍ന്നുപോയാല്‍ ആഗോള ഭക്ഷ്യക്ഷാമ പ്രതിസന്ധി പരിഹരിക്കാന്‍ ലോകരാജ്യങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണമെന്നും ഐക്യരാഷ്ട്രസഭ നിര്‍ദേശിച്ചു.

അതേസമയം യുക്രൈനില്‍ റഷ്യ ആക്രമണം തുടരുകയാണ്. മരിയുപോളിലെ സ്റ്റീല്‍ പ്ലാന്റില്‍ തൊള്ളായിരത്തിലേറെ യുക്രൈന്‍ സൈനികര്‍ കീഴടങ്ങിയെന്നാണ് റഷ്യന്‍ അവകാശവാദം. അതിനിടെ കീവിലെ കോടതിയില്‍ യുദ്ധക്കുറ്റങ്ങള്‍ സമ്മതിച്ച് വിചാരണ നേരിട്ട റഷ്യന്‍ സൈനികന്‍ നിരായുധനായ യുക്രൈന്‍ പൗരനെ കൊലപ്പെടുത്തിയെന്ന് വെളിപ്പെടുത്തിയിരുന്നു. മതിയായ ആയുധങ്ങളും ഭക്ഷ്യവസ്തുക്കളും ഇല്ലാത്തത് റഷ്യന്‍ സൈനികരുടെ നീക്കം പ്രതിസന്ധിയിലാക്കിയെന്ന് ബ്രിട്ടണും അഭിപ്രായപ്പെടുന്നു.

അതിനിടെ ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി എന്നിവിടങ്ങളില്‍ നിന്നുള്ള 85 നയതന്ത്ര ഉദ്യോഗസ്ഥരെ റഷ്യ പുറത്താക്കി. റഷ്യക്കാരെ കൂട്ടത്തോടെ പുറത്താക്കിയ യൂറോപ്യന്‍ രാജ്യങ്ങളുടെ നടപടിക്കെതിരെയാണ് റഷ്യയുടെ പുതിയ നീക്കം. റഷ്യന്‍ സൈന്യം കൈവശപ്പെടുത്തിയ ഖേഴ്‌സണ്‍, മെലിറ്റോപോള്‍, മരിയുപോള്‍ ഉള്‍പ്പെടെയുള്ള നഗരങ്ങള്‍ തിരിച്ചുപിടിക്കുമെന്ന് വ്‌ളാഡിമിര്‍ സെലന്‍സ്‌കി ഇപ്പോഴും ഉറപ്പിച്ചുപറയുന്നു.

Previous articleകെഎസ്ആര്‍ടിസി സാമ്പത്തിക പ്രതിസന്ധിയ്ക്ക് താല്‍ക്കാലിക പരിഹാരം; ജീവനക്കാര്‍ക്ക് ഇന്ന് മുതല്‍ ശമ്പളമെത്തും
Next articleലോക ബോക്‌സിംഗ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്‌ക്ക് സ്വർണം; രാജ്യത്തിന് അഭിമാനമായി നിഖാത് സറീൻ