ഡല്‍ഹി: യുദ്ധസാഹചര്യം നിലനില്‍ക്കുന്ന സാഹചര്യത്തില്‍ യുക്രൈനിലുള്ള വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെയുള്ള ഇന്ത്യക്കാര്‍ തല്ക്കാലം രാജ്യം വിടണമെന്ന് വിദേശകാര്യ മന്ത്രാലയം. താമസം അനിവാര്യമല്ലെങ്കില്‍ രാജ്യം വിടണമെന്ന് കീവിലെ ഇന്ത്യന്‍ എംബസി ഉപദേശിച്ചു.
കൂടാതെ, ഇന്ത്യക്കാര്‍ യുക്രൈനിലേക്കുള്ള യാത്ര ഒഴിവാക്കണമെന്നും എംബസി ആവശ്യപ്പെട്ടു. സംഘര്‍ഷ സാധ്യതയുണ്ടെന്നാണ് ഇന്ത്യയുടെ വിലയിരുത്തല്‍. എംബസി തല്ക്കാലം അടയ്ക്കില്ലെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.
യുക്രൈനില്‍ വെടിയുതിര്‍ക്കാന്‍ റഷ്യ തയ്യാറെടുക്കുകയാണെന്ന യുഎസിന്റെ തുടര്‍ച്ചയായ മുന്നറിയിപ്പുകള്‍ക്ക് പിന്നാലെയാണിത്. നിലവിലെ സാഹചര്യത്തിന്റെ അനിശ്ചിതത്വങ്ങള്‍ കണക്കിലെടുത്ത് ഇന്ത്യക്കാരോട്, പ്രത്യേകിച്ച് വിദ്യാര്‍ത്ഥികളോട് താത്കാലികമായി യുക്രൈന് വിടാനാണ് നിര്‍ദേശം.
യുദ്ധ ഭീഷണിയുടെ സാഹചര്യത്തില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പല രാജ്യങ്ങളും തങ്ങളുടെ നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കുകയും പൗരന്മാരോട് യുക്രൈന് വിടാന്‍ ആഹ്വാനം ചെയ്യുകയുമാണ്.യുഎസ്എ, ജര്‍മനി, ഇറ്റലി, ബ്രിട്ടന്, അയര്‍ലന്‍ഡ്, ബെല്‍ജിയം, ലക്സംബര്‍ഗ്, നെതര്‍ലാന്‍ഡ്, കാനഡ, നോര്‍വേ, എസ്റ്റോണിയ, ലിത്വാനിയ, ബള്‍ഗേറിയ, സ്ലോവേനിയ, ഓസ്ട്രേലിയ, ജപ്പാന്, ഇസ്രായേല്‍ സൗദി അറേബ്യ,യുഎഇ തുടങ്ങിയ രാജ്യങ്ങള്‍ ഇതിനോടകം യുക്രൈന് വിടാന്‍ പൗരന്മാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.