മഹാരാഷ്ട്രയിൽ രാഷ്ട്രീയ നാടകങ്ങൾക്കൊടുവിൽ ബിജെപി അധികാരത്തിലേക്ക്. വിമത ശിവസേന നേതാവ് ഏകനാഥ് ഷിൻഡേ, ദേവേന്ദ്ര ഫഡ്നവിസിനൊപ്പം ഗവർണറെ കാണും എന്നാണ് വിവരം. ശിവസേനയിലെ വിമതരുടെ പിന്തുണക്കത്തുമായിട്ടാവും ഗവർണറെ കാണുക.
അതേസമയം കനത്ത സുരക്ഷയാണ് ഏകനാഥ് ഷിൻഡേയ്ക്ക് പൊലീസ് ഒരുക്കിയിരുന്നത്. ബിജെപിയുമായി സഖ്യത്തിലാവുമെങ്കിലും മന്ത്രിസ്ഥാനങ്ങളെക്കുറിച്ച് ചർച്ച നടക്കുന്നതേയുള്ളൂ എന്ന് ഗോവയിലുള്ള വിമത നേതാവ് ഏകനാഥ് ഷിൻഡേ പ്രതികരിച്ചു. രണ്ട് ദിവസത്തിനകം രാജ്ഭവൻ ദർബാർ ഹാളിൽ വച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താനാണ് സാധ്യത. സത്യപ്രതിജ്ഞ ദിവസം മുംബൈയിലെത്തിയാൽ മതിയെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ ഗോവയിലുള്ള ശിവസേനാ വിമതർക്ക് നൽകിയ നിർദ്ദേശം.
വിശ്വാസ വോട്ടെടുപ്പിന് കാത്ത് നിൽക്കാതെ ഉദ്ദവ് രാജി വച്ചതോടെ രണ്ടര വർഷക്കാലം നീണ്ട് നിന്ന മഹാവികാസ് അഖാഡി സഖ്യസർക്കാറിനാണ് ഇന്നലെ തിരശീല വീണത്. വിമതരും സ്വതന്ത്രരുമടക്കടക്കമുള്ളവരുടെ പിന്തുണക്കത്തുമായി ഫഡ്നാവിസ് ഗവർണറെ കണ്ട് സർക്കാരുണ്ടാക്കാൻ അവകാശവാദമുന്നയിക്കും. അതേസമയം, മഹാവികാസ് അഖാഡി സഖ്യം തുടരണോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ കോൺഗ്രസ് യോഗം ചേരുകയാണ്.