രാജ്യസഭാ തിരഞ്ഞെടുപ്പ് നടന്ന മഹാരാഷ്‌ട്രയിലും ഹരിയാനയിലും ബിജെപിക്ക് അട്ടിമറി വിജയം. മഹാരാഷ്ട്രയിലും കര്‍ണാടകയിലും 3 സീറ്റ് വീതം ബിജെപി സ്വന്തമാക്കി. ബിജെപി സ്ഥാനാർത്ഥികളായ പീയുഷ് ഗോയലും അനിൽ ബോണ്ടെയും 48 വോട്ട് വീതം നേടി. ബിജെപിക്ക് വേണ്ടി മത്സരിച്ച ധനഞ്ജയ മഹാധിക് ശിവസേനയുടെ സഞ്ജയ് പവാറിനെയാണ് പരാജയപ്പെടുത്തി. തെരഞ്ഞെടുപ്പ് നടന്ന 16 സീറ്റുകളില്‍ 8 എണ്ണം ബിജെപി ജയിച്ചു. ഹരിയാനയിലെ രണ്ട് സീറ്റുകളും എന്‍ഡിഎ ജയിച്ചു. കോണ്‍ഗ്രസ് അഞ്ച് സീറ്റില്‍ ജയിച്ചു.
ആറ് രാജ്യസഭാ സീറ്റുകളിലേക്കായി ഏഴ് സ്ഥാനാർത്ഥികളാണ് മത്സരിച്ചത്. കോൺഗ്രസ് ടിക്കറ്റിൽ മത്സരിച്ച ഇമ്രാൻ പ്രതാപ്ഗിരിയും, എൻസിപിയുടെ പ്രഫൂൽ പട്ടേലും, ശിവസേനയുടെ സഞ്ജയ് റാവത്തും വിജയം നേടിയിട്ടുണ്ട്. ഭരണകക്ഷിയായ മഹാ വികാസ് അഗാഡിയെ പരാജയപ്പെടുത്തിക്കൊണ്ട് മൂന്ന് സീറ്റുകളിലാണ് ബിജെപി വിജയിച്ചത്.
ഹരിയാനയിൽ രാജ്യസഭാ സീറ്റിലേക്കുള്ള തിരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥി കൃഷൻ ലാൽ പൻവാറും ബിജെപി പിന്തുണയുള്ള സ്വതന്ത്ര സ്ഥാനാർത്ഥി കാർത്തികേയ ശർമ്മയും വിജയിച്ചു. ഇവിടെ കോൺഗ്രസ് എംഎൽഎ കുല്‍ദീപ് ബിഷ്ണോയി കൂറുമാറി ബിജെപിക്ക് വോട്ട് ചെയ്തിരുന്നു. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് കോൺഗ്രസിന്റെ അജയ് മാക്കൻ പരാജയപ്പെട്ടത്.