നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധി എംപി ഇ.ഡിക്ക് മുന്നില്‍ ചോദ്യംചെയ്യലിന് ഹാജരായി. കാല്‍നടയായാണ് രാഹുല്‍ ഇ.ഡി ഓഫീസിലെത്തിയത്. അതേസമയം കനത്ത സുരക്ഷയാണ് ഡല്‍ഹിയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്
ഡല്‍ഹിയിലെ ഇ.ഡി ആസ്ഥാനത്താണ് ചോദ്യംചെയ്യല്‍. പ്രിയങ്ക ഗാന്ധി ഉള്‍പ്പെടെ നൂറു കണക്കിന് നേതാക്കളും പ്രവര്‍ത്തകരും രാഹുല്‍ ഗാന്ധിക്കൊപ്പമുണ്ടായിരുന്നു. ചോദ്യംചെയ്യല്‍ രാഷ്ട്രീയ പകപോക്കലാണെന്ന് ആരോപിച്ച് കോണ്‍ഗ്രസ് ഇന്ന് രാജ്യവ്യാപക പ്രതിഷേധം സംഘടിപ്പിക്കുകയാണ്.
കേസിനെ നിയമപരമായും രാഷ്ട്രീയപരമായും നേരിടുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാരും ഡല്‍ഹിയില്‍ പ്രതിഷേധിക്കുകയാണ്. ദേശീയ അന്വേഷണ ഏജന്‍സികളെ കേന്ദ്രസര്‍ക്കാര്‍ ദുരുപയോഗംചെയ്യുകയാണെന്ന് കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സത്യം ഏറെക്കാലം മറച്ചുവെക്കാനാകില്ലെന്നും കോണ്‍ഗ്രസ് ട്വീറ്റ് ചെയ്തു.
നാഷണല്‍ ഹെറാള്‍ഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണല്‍സിനെ സോണിയാ ഗാന്ധിയും രാഹുല്‍ ഗാന്ധിയും ചേര്‍ന്ന് രൂപീകരിച്ച യങ് ഇന്ത്യ കമ്പനി ഏറ്റെടുത്തതില്‍ അഴിമതി നടന്നിട്ടുണ്ടെന്നാണ് ആരോപണം. സോണിയയും രാഹുലുമാണ് യങ് ഇന്ത്യ ലിമിറ്റഡിന്റെ എംഡിമാര്‍.