ഓഹരി വാങ്ങുന്നതിനായി കൊല്‍ക്കത്തയിലുള്ള സ്വകാര്യ കമ്പനിയായ യങ് ഇന്ത്യക്ക് വായ്പ നല്‍കിയത് നിയമപരമെന്ന് രാഹുല്‍ ഗാന്ധി. സാമ്പത്തിക ലാഭത്തിനുള്ള സംരംഭമല്ല യങ് ഇന്ത്യ എന്നും രാഹുല്‍ ഗാന്ധി ചോദ്യം ചെയ്യലില്‍ ഇഡിയോട് വ്യക്തമാക്കി. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ഇ ഡി രണ്ടാം ദിവസവും ചോദ്യം ചെയ്യുകയാണ്. ചോദ്യം ചെയ്യല്‍ അഞ്ച് മണിക്കൂര്‍ പിന്നിട്ടു.
ഇന്ന് 20 ചോദ്യങ്ങള്‍ ഇ ഡി ചോദിച്ചതായും സൂചനയുണ്ട്. എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസും കോണ്‍ഗ്രസ് പ്രവര്‍ത്തകരും തമ്മില്‍ വാക്കുതര്‍ക്കവും ഉന്തും തള്ളുമുണ്ടായി. ഇന്നും പ്രതിഷേധത്തിന് പൊലീസ് അനുമതി നിഷേധിച്ചിരുന്നു. എ.ഐ.സി.സി ആസ്ഥാനത്ത് പൊലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു.
രാഹുല്‍ ഗാന്ധിയുടെ ചോദ്യം ചെയ്യലിന് മുന്നോടിയായി ഇഡി ഓഫീസിന് ചുറ്റും വന്‍ സുരക്ഷയാണ് പൊലീസ് ഒരുക്കിയിരുന്നത്. വാഹന ഗതാഗതത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. രാഹുലിനൊപ്പം പ്രകടനവുമായി പോകാനെത്തിയ നിരവധി പ്രവര്‍ത്തകരെയും കൊടിക്കുന്നില്‍ സുരേഷ് എംപിയെയും പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. പ്രവര്‍ത്തകരെ പൊലീസ് വാഹനത്തില്‍ ബലമായി പിടിച്ചു കയറ്റുകയായിരുന്നു.