
ന്യൂഡല്‍ഹി: ഖാലിസ്ഥാനികളുമായി അരവിന്ദ് കെജ്രിവാളിന് ബന്ധമുണ്ടെന്ന ആരോപണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയച്ച് പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ഛന്നി. ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് കത്തില്‍ ഛന്നി ആവശ്യപ്പെട്ടിരിക്കുന്നത്. ആം ആദ്മി പാര്‍ട്ടി മുന്‍ നേതാവ് കുമാര്‍ ബിശ്വാസാണ് കെജ്രിവാളിനെതിരേ ആരോപണം ഉന്നയിച്ചത്.
പഞ്ചാബ് മുഖ്യമന്ത്രി അല്ലെങ്കില്‍ സ്വതന്ത്ര്യ ഖാലിസ്ഥാന്‍ രാജ്യത്തെ പ്രധാനമന്ത്രിയാകും താന്നെന് കെജ്രിവാള് പറഞ്ഞെന്നാണ് കുമാര്‍ ബിശ്വാസ് വാര്‍ത്താ എജന്‍സിയോട് പറഞ്ഞത്. എന്നാല്‍ കുമാര്‍ ബിശ്വാസിന്റെ വീഡിയോ വ്യാജമാണെന്നാണ് എഎപിയുടെ പ്രതികരണം.
അരവിന്ദ് കെജ്രിവാളിനെതിരേ ഉയര്‍ന്ന ആരോപണങ്ങളില്‍ സ്വതന്ത്ര അന്വേഷണം വേണമെന്നും പഞ്ചാബികളുടെ ആശങ്ക പരിഹരിക്കണമെന്നുമാണ് ഛന്നി പ്രധാനമന്ത്രിയിക്ക് അയച്ച കത്തില്‍ പറയുന്നത്.
അതിനിടെ കുമാര്‍ ബിശ്വാസിന് സുരക്ഷ വര്‍ധിപ്പിക്കാനാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനം. കെജ്രിവാള് രാജ്യത്തെ വിഘടിപ്പിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. ഇക്കാര്യത്തില്‍ കെജ്രിവാള് നിലപാട് വ്യക്തമാക്കണമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ഭിന്നിപ്പ് നടത്താനുള്ള ശ്രമമാണ് എഎപി നടത്തുന്നതെന്ന് ബിജെപി ആരോപിച്ചു.