പൊതുഭരണ വകുപ്പ് സെക്രട്ടറിയെ മാറ്റി സര്‍ക്കാര്‍. കെ.ആര്.ജ്യോതിലാലിനെയാണ് മാറ്റിയത്. ശാരദ മുരളീധരന് പകരം ചുമതല നല്കി. ഗവര്‍ണറുമായുള്ള ഭിന്നതയ്ക്കിടെയാണ് മാറ്റം. പുതിയ നീക്കം സര്‍ക്കാരിന്റെ അനുനയ ശ്രമത്തിന്റെ ഭാഗമാണെന്നാണ് സൂചന.
ബി.ജെ.പി. സംസ്ഥാന കമ്മിറ്റി അംഗം ഹരി എസ്. കര്‍ത്തയെ ഗവര്‍ണറുടെ പേഴ്സണല്‍ സ്റ്റാഫില്‍ നിയമിച്ചതില്‍ വിയോജിപ്പ് രേഖപ്പെടുത്തി കത്തയച്ച പൊതുഭരണ സെക്രട്ടറിയായ ജ്യോതി ലാലിനെ ഇപ്പോള്‍ സര്‍ക്കാര്‍ മാറ്റിയിരിക്കുന്നത്.
എന്നാല്‍ ഈ ഒരു നടപടി കൊണ്ട് മാത്രം ഗവര്‍ണര്‍ സമവായത്തിലേക്ക് എത്തുമോ എന്ന് കണ്ടറിയേണ്ടതാണ്. മന്ത്രിമാരുടെ സ്റ്റാഫ് അംഗങ്ങള്‍ക്ക് പെന്ഷന് കൊടുക്കുന്ന നടപടി പൂര്‍ണമായും പിന്‍വലിക്കാതെ വഴങ്ങില്ലെന്ന തീരുമാനത്തിലാണ് ഗവര്‍ണര്‍.
നയപ്രഖ്യാപന പ്രസംഗത്തില്‍ മുഖ്യമന്ത്രി നേരിട്ടെത്തിയിട്ടും ഗവര്‍ണര്‍ അനുനയത്തിന് തയ്യാറായിരുന്നില്ല. മന്ത്രിമാരുടെ പേര്‍സണല്‍ സ്റ്റാഫിന് പെന്ഷന് കൊടുക്കുന്നത് നിര്‍ത്തണം എന്ന് ഗവര്‍ണ്ണര്‍ പറഞ്ഞു. നിയമസഭാ സമ്മേളനത്തിന് മുന്നോടിയായി മുഖ്യമന്ത്രി പിണറായി വിജയന് തന്നെയാണ് ഇന്ന് രാജ് ഭവനിലെത്തി ഗവര്‍ണറെ കണ്ട് നയപ്രഖ്യാപനം പ്രസംഗം കൈമാറിയത്. അപ്പോഴാണ് ഗവര്‍ണര്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.