കോണ്‍ഗ്രസിന്റെ രാജ്യവ്യാപക പ്രതിഷേധത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പൊലീസ് കസ്റ്റഡിയില്‍. എ.ഐ.സി.സി ആസ്ഥാനത്തും സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. ആസ്ഥാനത്തെ പൊലീസ് ബാരിക്കേഡ് ചാടിക്കടന്ന് പ്രിയങ്ക ഗാന്ധി കുത്തിയിരുന്ന് പ്രതിഷേധിച്ചു.
കറുത്ത വസ്ത്രങ്ങള്‍ ധരിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് എം.പിമാര്‍ പ്രതിഷേധം നടത്തിയത്. സമാധാനപൂര്‍വം രാഷ്ട്രപതി ഭവനിലേക്ക് പോകാനാണ് ശ്രമിച്ചതെന്ന് രാഹുല്‍ പറഞ്ഞു. പൊലീസ് ബലം പ്രയോഗിച്ചാണ് നേതാക്കളെ കസ്റ്റഡിയില്‍ എടുത്തത്.
പാര്‍ലമെന്റില്‍ പ്രതിഷേധിച്ച ശേഷമാണ് എംപിമാര്‍ രാഷ്ട്രപതി ഭവനിലേക്ക് മാര്‍ച്ച് ആരംഭിച്ചത്. എന്നാല്‍ എംപിമാരെ ദില്ലി പൊലീസ് തടഞ്ഞു. പൊലീസും എംപിമാരും തമ്മില്‍ ഉന്തുംതളളുമുണ്ടായി. ആലത്തൂര്‍ എംപി രമ്യാഹരിദാസ് അടക്കമുള്ള വനിതാ എംപിമാരടക്കമുള്ളവരെ വലിച്ചിഴച്ചാണ് പൊലീസ് നീക്കിയത്
വിലക്കയറ്റത്തിനും തൊഴിലില്ലായ്മയ്ക്കും ഇ.ഡി. നടപടികള്‍ക്കുമെതിരെയാണ് കോണ്‍ഗ്രസ് രാജ്യവ്യാപകമായി പ്രതിഷേധം നടത്തുന്നത്. കോണ്‍ഗ്രസ് പ്രതിഷേധം കണക്കിലെടുത്ത് ജന്തര്‍ മന്തര്‍ ഒഴികെ ന്യൂഡല്‍ഹി ജില്ലയാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എ.ഐ.സി.സി. ആസ്ഥാനം കേന്ദ്രസേനയും ഡല്‍ഹി പൊലീസും വളഞ്ഞു.