സംസ്ഥാനവ്യാപകമായി പ്രതിപക്ഷ പാർട്ടികൾ മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധവുമായി മുന്നോട്ട് പോകുമ്പോൾ പ്രതികരണവുമായി സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പ്രകാശ് കാരാട്ട്. പ്രതിപക്ഷ൦ നടത്തുന്നത് അർത്ഥശൂന്യമായ പ്രതിഷേധമാണെന്ന് അദ്ദേഹം പറഞ്ഞു. കേന്ദ്ര ഏജൻസികൾ സ്വർണക്കടത്ത് വിഷയം അന്വേഷിച്ചതാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വിഷയം ചർച്ച ചെയ്യുകയും ഇടതുപക്ഷത്തിന് അനുകൂല വിധിയുണ്ടാവുകയും ചെയ്തതാണെന്നും കാരാട്ട് പറഞ്ഞു.
നിലവിലെ വിവാദങ്ങൾക്ക് പിന്നിൽ ആസൂത്രിത നീക്കമാണെന്ന് അദ്ദേഹം പറഞ്ഞു. അവരുടെ ലക്ഷ്യം പിണറായി നയിക്കുന്ന ഇടത് സർക്കാരെന്നും പ്രകാശ് കാരാട്ട് മാധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ഇക്കാര്യത്തിൽ ജനങ്ങൾക്കിടയിൽ സിപിഐഎം വസ്തുത അവതരിപ്പിക്കുമെന്നും കാരാട്ട് പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിക്കെതിരെ ഇന്നും സംസ്ഥാനത്ത് ശക്തമായ പ്രതിഷേധം തുടരുകയാണ്. ജയില്‍ ഉദ്ഘാടനത്തിന് മുഖ്യമന്ത്രിയെത്തിയ തവനൂരില്‍ സംഘര്‍ഷമുണ്ടായി. തവനൂരിലെ വേദിക്ക് പുറത്ത് യൂത്ത് കോൺഗ്രസ്, യൂത്ത് ലീഗ് പ്രതിഷേധിച്ചു. കറുത്തവേഷമിട്ട് കരിങ്കൊടിയുമായാണ് പ്രതിഷേധം നടന്നത്. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി.
പ്രവര്‍ത്തകര്‍ പൊലീസ് ബാരിക്കേഡ് മറികടന്നു. പ്രതിഷേധക്കാരെ പൊലീസ് വലിച്ചിഴച്ച് അറസ്റ്റ് ചെയ്ത് നീക്കുകയാണ്. പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. അതേസമയം തവനൂരിലെ ജയില്‍ ഉദ്ഘാടനം നിര്‍വഹിച്ച ശേഷം മുഖ്യമന്ത്രി അടുത്ത വേദിയിലേക്ക് തിരിച്ചു.