Home News കോവിഡ് പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടു; സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

കോവിഡ് പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടു; സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

287
0

നീണ്ട നാടകീയ രംഗങ്ങള്‍ക്കൊടുവില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നയപ്രഖ്യാപനം നടത്തുന്നു. കോവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സൗജന്യമായി വാക്സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്നും ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടി.

കോവിഡ് പ്രതിസന്ധിയെ സംസ്ഥാനം വിജയകരമായി നേരിട്ടു. കോവിഡ് മൂലമുള്ള മരണനിരക്ക് പിടിച്ചു നിര്‍ത്താന്‍ കഴിഞ്ഞു. കോവിഡിനെ പ്രതിരോധിക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങള്‍ മികച്ചു നിന്നു.കോവിഡ് മൂലം മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കാനായി എന്നും ഗവര്‍ണര്‍ പറഞ്ഞു.

18 വയസിന് മുകളിലുള്ള 100 ശതമാനം പേര്‍ക്കും വാക്സിന്‍ നല്‍കാനായെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നൂറുദിന കര്‍മപരിപാടി മാതൃകാപരമാണെന്നും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.

അതേസമയം, നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സഭയിലെത്തിയതോടെ ‘ഗോ ബാക്ക്’ മുഴക്കിയ പ്രതിപക്ഷം ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെയാണ് ഇറങ്ങിപ്പോയത്.

സഭാ സമ്മേളനത്തില്‍ നിങ്ങള്‍ക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അല്‍പം ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ രോഷാകുലനായി. എന്നാല്‍ പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തില്‍ പ്രതിഷേധിക്കുകയാണ്.

 

Previous articleഗോ ബാക്ക് വിളിയുമായി പ്രതിപക്ഷം, നയപ്രഖ്യാപന പ്രസംഗം ബഹിഷ്‌കരിച്ച് ഇറങ്ങിപ്പോയി
Next articleമുല്ലപ്പെരിയാറില്‍ പുതിയ അണക്കെട്ട് പണിയും; നയപ്രഖ്യാപന പ്രസംഗത്തില്‍ ഗവര്‍ണര്‍