നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാറ്റിനെതിരെ കൂടുതല്‍ വെളിപ്പെടുത്തലുകള്‍ പുറത്ത്. റോയിക്കെതിരായ പോക്സോ കേസുമായി ബന്ധപ്പെട്ട് പണം വാഗ്ദാനം ചെയ്ത് പരാതിയില്‍ നിന്ന് പിന്മാറാന് സമ്മര്‍ദ്ദം ചെലുത്തിയെന്ന് പരാതിക്കാരി വെളിപ്പെടുത്തി. റോയ് വയലാറ്റ് ഏല്‍പ്പിച്ചതാണെന്ന് പറഞ്ഞ് അഭിഭാഷകന് തന്നെ സമീപിച്ചു. അഭിഭാഷകന് വന്നതിന്റെ സി സി ടി വി ദൃശ്യങ്ങള്‍ തന്റെ പക്കലുണ്ട്. 50 ലക്ഷം രൂപ നല്‍കാമെന്ന് പറഞ്ഞ് പരാതിയില്‍ നിന്ന് പിന്തിരിപ്പിക്കാന് ശ്രമിച്ചുവെന്നും തന്റെ ജീവന് ഭീഷണിയുണ്ടെന്നും പരാതിക്കാരി വെളിപ്പെടുത്തി.
അതേസമയം റോയ് വയലാറ്റുമായി ബന്ധപ്പെട്ട പോക്സോ കേസില്‍ പെണ്‍കുട്ടികളെ കൊച്ചിയിലെത്തിച്ചത് താന്‍ തന്നെയെന്ന് അഞ്ജലി വെളിപ്പെടുത്തി. അഞ്ജലി തന്നെ ഇത് സമ്മതിക്കുന്ന ശബ്ദ സന്ദേശം പുറത്തു വന്നു. നമ്പര്‍ 18 ഹോട്ടലില്‍ വച്ച് പെണ്‍കുട്ടികള്‍ക്കുണ്ടായ ദുരനുഭവം താന്‍ അറിഞ്ഞില്ല എന്ന് അഞ്ജലി ശബ്ദരേഖയില്‍ പറയുന്നു.
പരാതി നല്കുന്നതിനു മുന്‍പ് പരാതിക്കാരിയ്ക്ക് അയച്ച ശബ്ദസന്ദേശമാണ് പുറത്തായത്. നിങ്ങള്‍ക്ക് ഭക്ഷണം വാങ്ങിത്തന്നതും കൊണ്ടുപോയതും താനാണ് എന്ന് അഞ്ജലി പറയുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ നിങ്ങള്‍ താമസിച്ചതിനു പണം നല്കിയതാണോ ഞാന്‍ ചെയ്ത തെറ്റ്? നിങ്ങള്‍ക്ക് സംഭവിച്ചതില്‍ എനിക്ക് പങ്കില്ല. അതിനുള്ള തെളിവ് തന്റെ കയ്യിലുണ്ടെന്നും അഞ്ജലി പറയുന്നു. പരാതിക്കാരിയുടെ ഫോണില്‍ നിന്ന് അന്വേഷണ സംഘം റിക്കവര്‍ ചെയ്തെടുത്ത ശബ്ദ സന്ദേശമാണ് ഇത്.