Home News ബോംബാക്രമണ൦; മുഖ്യമന്ത്രി എകെജി സെന്ററിലെത്തി

ബോംബാക്രമണ൦; മുഖ്യമന്ത്രി എകെജി സെന്ററിലെത്തി

159
0

ഇന്നലെയുണ്ടായ ബോംബാക്രമണത്തിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ എകെജി സെൻ്ററിലെത്തി. മന്ത്രിമാരായ ജിആർ അനിൽ, മുഹമ്മദ് റിയാസ്, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെകെ രാകേഷ്, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങൾ എന്നിവരൊക്കെ മുഖ്യമന്ത്രിക്കൊപ്പമുണ്ടായിരുന്നു.

ഇന്നലെ രാത്രി 11.30 ഓടെയാണ് എകെജി സെൻ്ററിൽ ആക്രമണമുണ്ടായത്. എകെജി സെന്ററിന് മുന്നിലെ റോഡിലാണ് സ്ഫോടക വസ്തു വീണത്. വലിയ ശബ്ദം കേട്ട പ്രവർത്തകർ പുറത്തേക്ക് ഓടിയെത്തുകയായിരുന്നു. കന്റോൺമെന്റ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.

കോൺ​ഗ്രസും ബിജെപിയും ചേർന്ന് നടത്തിയ ആക്രമണമാവാം എകെജി സെന്ററിന് നേരെയുണ്ടായതെന്ന് മന്ത്രി അഹമ്മദ് ദേവർകോവിൽ പ്രതികരിച്ചു. പൊലീസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരട്ടെ. അപലപനീയമായ സംഭവമാണിത്. തൃക്കാക്കര തെരഞ്ഞെടുപ്പു മുതൽ കോൺ​ഗ്രസ്- ബിജെപി രഹസ്യ സഖ്യമുണ്ട്. ഏത് പാർട്ടി ഓഫീസിന് നേരെയുള്ള അക്രമവും ഒഴിവാക്കപ്പെടേണ്ടതാണെന്നും അദ്ദേഹം വ്യക്തമാക്കി.

ഇതിനിടെ എകെജി സെന്ററിൽ ബോംബെറിഞ്ഞതിന് പിന്നിൽ എൽഡിഎഫ് കൺവീനർ ഇപി ജയരാജനാണെന്ന ​ഗുരുതര ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രം​ഗത്തെത്തി. രാഹുൽ ​ഗാന്ധി കേരളം സന്ദർശിക്കുന്ന ദിവസത്തിന്റെ പ്രാധാന്യം കുറയ്ക്കാനായാണ് ഇപി ജയരാജൻ ഇത് ചെയ്തതെന്നും കെ സുധാകരൻ ആരോപിച്ചു. ആക്രമണത്തിന് പിന്നിൽ കോൺ​ഗ്രസുകാരാണെന്ന് അദ്ദേഹം പറഞ്ഞത് നേരിട്ടുകണ്ടത് പോലെയാണെന്നും സംഭവത്തിന് പിന്നിലെ തിരക്കഥ ഇപി ജയരാജന്റേത് മാത്രമാണെന്നും സുധാകരൻ ആരോപിച്ചു. സിപിഐഎം ആണ് ഇതിന് പിന്നിലെന്ന് പോലും ഞാൻ പറയുന്നില്ല. ഇപി മാത്രമാണ് ഇതിന് പിന്നിൽ പ്രവർത്തിച്ചത്.

ഇപി ജയരാജന് ക്രിമിനലുകളുമായി നല്ല പരിചയമുണ്ട്. അവരിൽ ആരെയെങ്കിലും വെച്ചായിരിക്കാം ഇത് ചെയ്തത്. രാഹുൽ ​ഗാന്ധിയുടെ ഓഫീസ് ആക്രമിച്ചപ്പോൾ പോലും കോൺ​ഗ്രസ് പ്രവർത്തകരെ വൈകാരികമായി പ്രതികരിക്കാൻ അനുവദിച്ചിട്ടില്ല. സിസിറ്റിവി ക്യാമറകൾ പരിശോധിച്ച് ഇതിന്റെ പ്രതികളെ കണ്ടെത്തണം. മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ മാത്യു കുഴൻനാടന്റെ ആരോപണങ്ങളിൽ നിന്ന് ശ്രദ്ധതിരിക്കാനും നാണക്കേട് ഒഴിവാക്കാനും വേണ്ടി ആസൂത്രിതമായാണ് ഇപി ജയരാജൻ ഇത് പ്ലാൻ ചെയ്തതെന്നും കെ. സുധാകരൻ ആരോപിച്ചു.

Previous article‘കെജിഎഫ്’ താരം അവിനാഷിന് വാഹനാപകടം
Next articleഎകെജി സെന്റർ ബോംബേറ്; ആക്രമണം കോണ്‍ഗ്രസിന്‍റെ രീതിയല്ലെന്ന് വി.ഡി സതീശന്‍