മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവച്ച് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന് ജനപക്ഷം നേതാവ് പി.സി.ജോര്‍ജ്. സിബിഐ അല്ലെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണമെങ്കിലും അദ്ദേഹം നേരിടണം. അത് ജനാധിപത്യത്തിലെ സാമാന്യ മര്യാദയാണ്. കെ.കരുണാകരനും കെ.എം മാണിയും ചെറിയ പരാമര്‍ശത്തെ തുടര്‍ന്ന് രാജിവച്ചു. അത് ജനാധിപത്യ മര്യാദയാണെന്നും ജോര്‍ജ് ചൂണ്ടിക്കാട്ടി.
സ്വപ്നയുടെ 164 സ്റ്റേറ്റ്‌മെന്റില്‍ മുഖ്യമന്ത്രി ഭയക്കുന്ന കാര്യങ്ങളുണ്ട്. സിപിഐഎം നേതാക്കള്‍ ഒന്നും മിണ്ടുന്നില്ലെന്നും പി.സി.ജോര്‍ജ് ആരോപിച്ചു. ‘450 പൊലീസുകാര്‍ വളഞ്ഞ് നില്‍ക്കുമ്പോള്‍ വലിയ കീച്ചാണ് കീച്ചുന്നത് തകര്‍ത്തു കളയും. ഞാന്‍ ആരാണെന്ന് അറിയാമോ എന്നൊക്കെയാണ് ചോദിക്കുന്നത്. ആരാണെന്നു ജനങ്ങള്‍ക്ക് മനസ്സിലായി എന്നംു പി സി ജോര്‍ജ്ജ് പറഞ്ഞു.
മുഖ്യമന്ത്രിയുടെ പരിപാടിയില്‍ കറുത്ത വസ്ത്രവും മാസ്‌കും വിലക്കിയതില്‍ പ്രതിഷേധിച്ച് കറുത്ത ഷര്‍ട്ടും ധരിച്ചാണ് ജോര്‍ജ് ഇന്ന് പത്രസമ്മേളനത്തിനെത്തിയത്. ആദ്യമായി താന്‍ കറുപ്പണിഞ്ഞത് പിണറായി വിജയന്‍ രണ്ട് സ്ത്രീകളെ ശബരിമലയിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചതില്‍ പ്രതിഷേധിച്ചാണ് നിയമസഭയില്‍ താനും ഒ.രാജഗോപാലും വന്നത്. ആ ഷര്‍ട്ട് പിന്നീട് ഇപ്പോഴാണ് ഇടുന്നത്. മാസ്‌കും ഇത്തവണ ഉണ്ട്.-ജോര്‍ജ് പറഞ്ഞു.
ചില കളര്‍ കാണുമ്പോള്‍ ബഹിളിയുണ്ടാകുന്നത് രോഗമാണ്. ആ രോഗം പിണറായിയെ ബാധിച്ചിട്ടുണ്ട്. ഒന്നുങ്കില്‍ മുഖ്യമന്ത്രി രാജിവയ്ക്കും. അല്ലെങ്കില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ തീരും. ഏത് വേണമെന്ന് അവര്‍ തീരുമാനിക്കട്ടെ. പിടിച്ചുപറിക്കാന്‍ പറ്റുന്ന ഊള ഭരണം വേണമല്ലോ. ഇ.പി ജയരാജനാണ് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും അനുയോജ്യനെന്നും ജോര്‍ജ് പരിഹസിച്ചു.
മുഖ്യമന്ത്രിയുടെ സ്വര്‍ണ്ണ കള്ളക്കടത്തും, താന്‍ നടത്തിയതെന്ന് പറയുന്ന ഗൂഢാലോചനയും ഒരേ തട്ടില്‍ കാണാനുള്ള ശ്രമം അപലപനീയമാണ്. സംസ്ഥാനം കണ്ടതില്‍വെച്ച് ഏറ്റവും വലിയ അഴിമതിക്കാരനും കൊള്ളക്കാരനുമാണ് മുഖ്യമന്ത്രി പിണറായി വിജയനെന്നും പി.സി ജോര്‍ജ് ആരോപിച്ചു. ക്രൈം നന്ദകുമാറിനേയും സ്വപ്നയേയും എറണാകുളത്തുവച്ച് കണ്ടിട്ടുണ്ട്. അതില്‍ ഗൂഢാലോചനയില്ല. രഹസ്യമൊഴിയില്‍ സ്വപ്ന പറഞ്ഞ കാര്യങ്ങളില്‍ പിണറായി പേടിക്കേണ്ടതുണ്ടെന്ന് പി സി ജോര്‍ജ്ജ് പറഞ്ഞു.