ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ അഞ്ച് വയസ്സുള്ള മകളെ അടിച്ചുകൊന്ന് രക്ഷിതാക്കള്‍. മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ വെള്ളിയാഴ്ച രാത്രിയിലാണ് സംഭവം. കുട്ടിയുടെ പിതാവ് സിദ്ധാര്‍ത്ഥ് ചിംനെ (45), അമ്മ രഞ്ജന (42), അമ്മായി പ്രിയ ബന്‍സോദ് (32) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.
യൂട്യൂബില്‍ പ്രാദേശിക വാര്‍ത്താ ചാനല്‍ നടത്തുന്ന സുഭാഷ് നഗര്‍ നിവാസിയായ ചിമ്നെ, കഴിഞ്ഞ മാസം ഗുരുപൂര്‍ണിമ ദിനത്തില്‍ ഭാര്യയോടും 5 ഉം 16 ഉം വയസ്സുള്ള രണ്ട് പെണ്മക്കളോടൊപ്പം തകല്‍ഘട്ടിലെ ഒരു ദര്‍ഗയില്‍ പോയിരുന്നുവെന്ന് മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥന് പറഞ്ഞു. അന്നുമുതല്‍, തന്റെ ഇളയ മകളുടെ പെരുമാറ്റത്തിലെ മാറ്റങ്ങളില്‍ സംശയം തോന്നിയ ഇയാള്‍ അവളെ ചില ദുഷ്ടശക്തികള്‍ പിടികൂടിയിട്ടുണ്ടെന്ന് വിശ്വസിച്ചു. അതിന് പ്രതിവിധിയായാണ് ‘ബ്ലാക്ക് മാജിക്’ ചെയ്യാന്‍ തീരുമാനിച്ചത്.
പെണ്‍കുട്ടിയുടെ മാതാപിതാക്കളും അമ്മായിയും ചേര്‍ന്ന് രാത്രി സമയത്ത് ചടങ്ങുകള്‍ നടത്തുകയും ഇതിന്റെ വീഡിയോ ചിത്രീകരിക്കുകയും ചെയ്തു. കരയുന്ന പെണ്‍കുട്ടിയോട് പ്രതികള്‍ ചോദ്യം ചോദിക്കുന്നതും, ഒന്നും മനസിലാകാതെ നില്ക്കുന്ന കുട്ടിയേയും ദൃശ്യങ്ങളില്‍ കാണാം. പിന്നീട് മൂന്ന് പ്രതികളും കുട്ടിയെ അതിക്രൂരമായി തല്ലുകയും മര്‍ദിക്കുകയും ചെയ്തു.
ബോധരഹിതയായി നിലത്തു വീണ കുട്ടി മരിക്കുകയും ചെയ്തതായി പൊലീസ് അറിയിച്ചു. ശനിയാഴ്ച പുലര്‍ച്ചെയോടെ പ്രതി കുട്ടിയെ ദര്‍ഗയിലേക്ക് കൊണ്ടുപോയി. പിന്നീട് ഗവണ്മെന്റ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഉപേക്ഷിച്ച ശേഷം രക്ഷപ്പെട്ടു.