പാലിയേക്കര ടോള്‍ പ്ലാസയിലെ നിരക്ക് വര്‍ധനയ്‌ക്കെതിരെ പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ. ടോള്‍ പ്ലാസയിലെ തടസം നീക്കി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ വാഹനങ്ങള്‍ ടോളില്ലാതെ കടത്തിവിട്ടു. ഇന്ന് അര്‍ധരാത്രി മുതല്‍ ടോള്‍ പ്ലാസയില്‍ നിരക്ക് വര്‍ധന പ്രാബല്യത്തില്‍ വരാനിരിക്കുന്ന പശ്ചാത്തലത്തിലാണ് ഡിവൈഎഫ്‌ഐയുടെ പ്രതിഷേധം.
ഡിവൈഎഫ്‌ഐ തൃശൂര്‍ ജില്ലാ സെക്രട്ടറി എന്‍ വി വൈശാഖന്റെ നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ടോള്‍ പ്ലാസയിലെ ഓഫിസ് ഉപരോധിച്ച ശേഷമാണ് തടസങ്ങള്‍ നീക്കി ടോളില്ലാതെ വാഹനങ്ങള്‍ കടത്തിവിട്ടത്. പത്തോളം ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരാണ് ടോള്‍ പ്ലാസയുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഏറ്റെടുത്തത്.
10 രൂപ മുതല്‍ 65 രൂപ വരെയാണ് ടോള്‍ നിരക്കില്‍ വര്‍ധനയുണ്ടായത്. ടോള്‍ നിരക്കിലെ വന്‍വര്‍ധനയില്‍ കരാര്‍ കമ്പനിക്കെതിരെ കടുത്ത പ്രതിഷേധമാണ് ഉയരുന്നത്. കരാര്‍ കമ്പനിയെ കരിമ്പട്ടികയില്‍പ്പെടുത്തണം എന്നത് ഉള്‍പ്പെടെയുള്ള ആവശ്യങ്ങളും ഉയരുന്നുണ്ട്. ടോള്‍ ഈടാക്കുന്ന അടിസ്ഥാന വില 40 പൈസയ്ക്ക് പകരം ഒരു രൂപ ഈടാക്കിയതായി രേഖകളില്‍ വ്യക്തമാണ്.