പാലക്കാട് പീഡനക്കേസില്‍ പ്രതിയുടെ സുഹൃത്തുക്കള്‍ വീട്ടില്‍ കയറി പരാതിക്കാരിയേയും കുടുംബാംഗങ്ങളേയും ഭീഷണിപ്പെടുത്തിയ സംഭവം ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് ഡിജിപി ഉറപ്പുനല്‍കിയെന്ന് പരാതിക്കാരിയുടെ പിതാവ്. ഡിജിപി അനില്‍ കാന്തിനെ നേരില്‍ കണ്ട് താന്‍ വിവരമറിയിച്ചു എന്നും കേസ് ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് ഡിജിപി ഉറപ്പുനല്കിയെന്നുമാണ് പരാതിക്കാരിയുടെ പിതാവ് ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞത്.
‘ഡിജിപിയെ നേരില്‍ കണ്ട് ബോധ്യപ്പെടുത്തിയിരുന്നു. എനിക്ക് മാത്രമേ അപ്പോയിന്മെന്റ് കിട്ടിയുള്ളൂ. വേറെ ഒരുപാട് പേര് അവിടെ വന്നിരുന്നു. ഡിവൈഎസ്പി അജിത് മോഹന്‍ സാറാണ് എനിക്ക് അവസരം നല്‍കിയത്. ഞാന്‍ ഡിജിപിയെ കണ്ടു, കാര്യങ്ങള്‍ പറഞ്ഞു. പുനരന്വേഷണം വേണമെന്ന് ഞാന്‍ ഡിജിപിയോട് ആവശ്യപ്പെട്ടു. ഡിജിപി അത് അംഗീകരിച്ചു. പീഡനക്കേസ് കോടതിയുടെ പരിഗണനയിലാണ്. അതില്‍ ഒന്നും ചെയ്യാനാവില്ല.
ഭീഷണിപ്പെടുത്തിയ കേസാണ് ഞാന്‍ ഡിജിപിയോട് പറഞ്ഞത്. ആലത്തൂര്‍ പൊലീസ് കേസ് അട്ടിമറിക്കുകയാണെന്ന് ഞാന്‍ പറഞ്ഞു. ക്രൈംബ്രാഞ്ചിനെക്കൊണ്ട് അന്വേഷിപ്പിക്കാമെന്ന് അദ്ദേഹം ഉറപ്പുനല്‍കി. പരാതിക്കാരിയായ പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു. പാലക്കാട് പഴമ്പാലക്കോട് സ്വദേശിയായ യുവതിയും കുടുംബവുമാണ് വെളിപ്പെടുത്തലുമായി രംഗത്തെത്തിയത്.
2019ലാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. യുവതിയെ അടുത്ത പറമ്പില്‍ കൃഷിക്കായി എത്തിയ തരൂര്‍ സ്വദേശിയായ ബാബു പീഡിപ്പിക്കുകയായിരുന്നു. ഈ കേസുമായി ബന്ധപ്പെട്ട് ബാബു ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. 2019 ജൂലായ് 19നാണ് കോടതി ബാബുവിനെ റിമാന്‍ഡ് ചെയ്തത്. ഓഗസ്റ്റ് 6ന് സുഹൃത്തുക്കളായ ഷണ്മുഖന്, മുത്തലവി എന്നിവര്‍ ബാബുവിനെ ജയിലില്‍ സന്ദര്‍ശിച്ചിരുന്നു. തൊട്ടടുത്ത ദിവസം ഇവര്‍ യുവതിയുടെ വീട്ടിലെത്തി. മദ്യ ലഹരിയിലാണ് ഇവര്‍ വീട്ടിലെത്തിയത്. കേസ് പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടെങ്കിലും പെണ്‍കുട്ടിയുടെ അച്ഛന് വിസമ്മതിച്ചു. ഇതോടെ ഇവര്‍ കുടുംബത്തെ ആക്രമിച്ചു. പെണ്‍കുട്ടിയും അമ്മയും ബഹളം വച്ചതിനെ തുടര്‍ന്ന് ഇവര്‍ മടങ്ങിപ്പോയി. വധഭീഷണി മുഴക്കിക്കൊണ്ടാണ് ഇവര്‍ തിരികെ പോയതെന്ന് കുടുംബം ആരോപിക്കുന്നു.