അഫ്ഗാനിസ്ഥാനിലേക്ക് ഇന്ത്യ എത്തിക്കുന്ന മരുന്നും ഭക്ഷ്യധാന്യങ്ങളും പാകിസ്താൻ തട്ടിയെടുക്കുന്നുവെന്ന പരാതിയുമായി താലിബാൻ. ഭീകരാക്രമണത്തിൽ തകർന്ന അഫ്ഗാനിസ്ഥാന് കടുത്ത ദാരിദ്ര്യത്തിൽ പട്ടിണി മാറ്റാൻ ഇന്ത്യ നൽകിയ ഗോതമ്പ് അടക്കമുള്ള വസ്തുക്കളാണ് പാകിസ്താൻ തട്ടിയെടുത്തത്. പട്ടിണിമാറ്റാൻ അഫ്ഗാനിലെ ജനങ്ങൾക്ക് 50,000 മെട്രക് ടൺ ഗോതമ്പ് നൽകുമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. ഇതിൽ 2500 മെട്രിക് ടൺ ഗോതമ്പാണ് സർക്കാർ കയറ്റി അയച്ചത്.
റോഡ് മാർഗം ധാന്യങ്ങൾ നേരിട്ട് അഫ്ഗാനിലേക്ക് എത്തിക്കുന്നതിനായി വാഗ-അട്ടാരി അതിർത്തി പാകിസ്താൻ തുറന്നുതന്നിരുന്നു. എന്നാൽ പാകിസ്താനിലെത്തിയ ട്രക്കുകൾ ഇവർ കടത്തിക്കൊണ്ട് പോകുകയാണെന്നാണ് വിവരം. 15 ഓളം ട്രക്കുകൾ നിറയെ ധാന്യങ്ങൾ പാകിസ്താൻ കടത്തിക്കൊണ്ട് പോയി. ഹെൽമണ്ട് പ്രവിശ്യയിലെ വാഷിർ ജില്ലയിലെ കമ്പനി പ്രദേശത്ത് എത്തിയ 50 ഓളം ട്രക്കുകളും കടത്തിക്കൊണ്ട് പോകാൻ ശ്രമം നടന്നു. എന്നാൽ താലിബാൻ സുരക്ഷാ ഉദ്യോഗസ്ഥർ പാക് വാഹനങ്ങൾ പിടികൂടി. ഈ സാഹചര്യത്തിൽ പാകിസ്താനിലൂടെ സഹായം എത്തിക്കേണ്ട എന്നാണ് താലിബാന്റെ ആവശ്യം. പാകിസ്താൻ ധാന്യങ്ങൾ കൊള്ളയടിക്കുന്നത് തടയാനുള്ള ശ്രമം നടത്തുമെന്നും ഗതാഗത മാർഗ്ഗം മാറ്റുമെന്നും ന്യൂഡൽഹി അറിയിച്ചു.
താലിബാൻ ഭരണകൂടവുമായി ചർച്ച ചെയ്യാൻ കഴിഞ്ഞയാഴ്ച കേന്ദ്രം ഒരു ടീമിനെ കാബൂളിലേക്ക് അയച്ചിരുന്നു. ഇന്ത്യ-അഫ്ഗാൻ നയതന്ത്രബന്ധം, ഉഭയകക്ഷി വ്യാപാരം, മാനുഷിക സഹായം തുടങ്ങിയ കാര്യങ്ങളാണ് ചർച്ചയായത് എന്ന് താലിബാൻ വിദേശകാര്യ വക്താവ് ട്വിറ്ററിൽ കുറിച്ചിരുന്നു.