രാജ്യം വൈദ്യുതി പ്രതിസന്ധി രൂക്ഷമായതോടെ മൊബൈല്‍,ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കാനൊരുങ്ങി പാക് സര്‍ക്കാര്‍. പാകിസ്താന്‍ നാഷണല്‍ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി ബോര്‍ഡ് (എന്‍.ഐ.ടി.ബി) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. വൈദ്യുതി പ്രതിസന്ധിക്ക് പുറമെ, ഇന്ധനവില വര്‍ദ്ധനവും തടയാനാകാത്ത നിലയിലാണ് ഇപ്പോഴുള്ളത്.
‘പാകിസ്താനിലെ ടെലികോം ഓപ്പറേറ്റര്‍മാര്‍ രാജ്യവ്യാപകമായി മണിക്കൂറുകളോളം വൈദ്യുതി തടസപ്പെടുന്നതിനാല്‍ മൊബൈല്‍, ഇന്റര്‍നെറ്റ് സേവനങ്ങള്‍ നിര്‍ത്തലാക്കുന്നതിനെക്കുറിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാരണം വൈദ്യുതി തടസം അവരുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി ബാധിക്കുന്നുണ്ട്” എന്‍.ഐ.ടി.ബി ട്വീറ്റ് ചെയ്തു.
വൈദ്യുതപ്രതിസന്ധിയേ തുടര്‍ന്ന് ജൂലൈ മാസം മുതല്‍ ലോഡ് ഷെഡ്ഡിങ് ദൈര്‍ഖ്യം വര്‍ദ്ധിപ്പിക്കുമെന്ന് പാക്ക് പ്രധാനമന്ത്രി ഷെഹബാസ് ഷെരീഫ് മുന്നറിയിപ്പ് നല്‍കിയിരുന്നു. താപനിലയങ്ങളെ ആശ്രയിക്കുന്ന രാജ്യത്ത് ആവശ്യത്തിന് എല്‍എന്‍ജി വിതരണം നടക്കുന്നില്ലെന്നും ഇതിനായുള്ള പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ ശ്രമങ്ങള്‍ നടത്തുന്നതായും പ്രധാനമന്ത്രി പറഞ്ഞു.
വിലക്കയറ്റം മൂലം പാകിസ്താനിലെ ജനങ്ങള്‍ വലയുന്നതിനിടെയാണ് ഇരുട്ടടി പോലെ വൈദ്യുതി പ്രതിസന്ധിയുടെ വരവ്. ഊര്‍ജ ക്ഷാമം രൂക്ഷമായതോടെ സര്‍ക്കാര്‍ ജീവനക്കാരുടെ ജോലി സമയം വെട്ടിക്കുറയ്ക്കുകയും കറാച്ചി ഉള്‍പ്പെടെയുള്ള വിവിധ നഗരങ്ങളില്‍ ഷോപ്പിംഗ് മാളുകള്‍ നേരത്തേ അടച്ചുപൂട്ടാന്‍ പാക് സര്‍ക്കാര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.