കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്ത്തകന് ദീപുവിന്റെ കൊലപാതകത്തില്‍ പാര്‍ട്ടിയുടെ ചീഫ് കോ ഓര്‍ഡിനേറ്റര്‍ സാബു എം ജേക്കബിന്റെ ആരോപണങ്ങള്‍ തള്ളി കുന്നത്ത് നാട് എംഎല്‍എ പിവി ശ്രീനിജന് വാസ്തവ വിരുദ്ധമായ ആരോപണങ്ങളാണ് സാബു ഉന്നയിക്കുന്നതെന്നും കേസിലേക്ക് തന്നെ വലിച്ചിഴക്കാന്‍ ശ്രമം നടക്കുന്നുവെന്നും ശ്രീനിജന് ആരോപിച്ചു.
കേസുമായി ബന്ധപ്പെട്ട ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. തന്റെ ഫോണ്‍ ഉള്‍പ്പെടെ പരിശോധിക്കാം. ദീപുവിന്റെ മരണം തന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുകയാണ്. കിറ്റക്സ് കമ്പനിക്കെതിരെ നിലപാടെടുത്തതിന്റെ വ്യക്തി വൈരാഗ്യമാണ് സാബു എം. ജേക്കബിന് തന്നോട്. തെരഞ്ഞെടുപ്പില്‍ തോറ്റതിന് ശേഷം തന്നെ നിറവും ജാതിയും പറഞ്ഞ് ആക്ഷേപിക്കുകയാണെന്നും ശ്രീനിജന് പറഞ്ഞു.
”കഴിഞ്ഞ പത്ത് മാസമായി പറയുന്നത് സാബു തന്നെയാണ് ഇപ്പോഴും പറയുന്നത്. പാടുകളില്ലാതെ അതിവിദഗ്ധമായി മര്‍ദ്ദിച്ചെന്നാണ് സാബു പറയുന്നത്. അതില്‍ നിന്നും തന്നെ അങ്ങനെയൊരു സംഭവമുണ്ടായിട്ടില്ലെന്ന് മനസിലാകുമല്ലോ. സാബുവിന്റെ ആരോപങ്ങള്‍ പൊലീസ് അന്വേഷിക്കട്ടെ. ‘തന്റെ ഫോണും കോള്‍ ലിസ്റ്റും പൊലീസ് പരിശോധിക്കട്ടെ. അതില്‍ ഭയപ്പെടുന്നില്ല. പാര്‍ട്ടി പ്രവര്‍ത്തകരെന്ന നിലയില്‍ പ്രതികളെ അറിയാം. പ്രതികള്‍ ഒളിവില്‍ പോയെന്ന ആരോപണം ശരിയല്ലെന്നും ശ്രീനിജന് എംഎല്‍എ പറഞ്ഞു.
ദീപുവിന്റേത് ആസൂത്രിത കൊലപാതകമാണെന്നും ശ്രീനിജന് എം.എല്‍.എയെ ഒന്നാം പ്രതിയാക്കണമെന്നുമാണ് സാബു ജേക്കബ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. മുന്‍കൂട്ടി പതിയിരുന്ന സംഘമാണ് ദീപുവിനെ ആക്രമിച്ചത്. അദൃശ്യമായ സംഭവമല്ല നടന്നത്. പ്രതികള്‍ക്ക് എംഎല്‍എയുമായി അടുത്ത ബന്ധമാണുള്ളതെന്നും സാബു എം.ജേക്കബ് പറഞ്ഞു.
10 വര്‍ഷത്തിനിടെ ഒരു ട്വന്റി ട്വന്റി പ്രവര്‍ത്തകനും ആരെയും ആക്രമിച്ചിട്ടില്ല. പക്ഷെ ഞങ്ങളുടെ പ്രവര്‍ത്തകര്‍ പല തവണ ആക്രമിക്കപ്പെട്ടു. ശ്രീനിജന് എം.എല്‍.എ ആയ ശേഷം 50ഓളം പേര് ആക്രമിക്കപ്പെട്ടുവെന്നും സാബു ജേക്കബ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.