സോളാര്‍ കേസിലെ പരാതിക്കാരി നല്‍കിയ രഹസ്യമൊഴിയുടെ അടിസ്ഥാനത്തില്‍ ജനപക്ഷം നേതാവ് പി.സി ജോര്‍ജിനെ പൊലീസ് അറസ്റ്റ് ചെയ്തു. 354,354എ വകുപ്പുകള്‍ ചുമത്തിയാണ് ജോര്‍ജിനെതിരെ കേസെടുത്തത്.
ഈ വര്‍ഷം ഫെബ്രുവരി 10 ന് തിരുവനന്തപുരം ഗസ്റ്റ് ഹൗസില്‍ വച്ച് ലൈംഗിക താല്‍പര്യത്തോടെ തന്നെ കടന്നുപിടിച്ചെന്നും അശ്ലീല സന്ദേശങ്ങള്‍ അയച്ചെന്നും സോളാര്‍ കേസ് പ്രതി രഹസ്യ മൊഴി നല്‍കിയിരുന്നു. പീഡനശ്രമം, അശ്ലീല സന്ദേശം, കടന്ന് പിടിക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. 2022 ഫെബ്രുവരി 10 ന് തൈക്കാട് ഗസ്റ്റ് ഹൗസില്‍ വച്ചാണ് സംഭവം നടന്നതെന്ന് പരാതിക്കാരി മൊഴിയില്‍ പറയുന്നു.
മുഖ്യമന്ത്രിക്കെതിരായ ഗൂഢാലോചന കേസില്‍ പി.സി.ജോര്‍ജിനെ ഇന്ന് ചോദ്യം ചെയ്യാനായി വിളിച്ച് വരുത്തിയിരുന്നു. ഈ കേസില്‍ ക്രൈംബ്രാഞ്ചിന്റെ മൊഴിയെടുക്കല്‍ പൂര്‍ത്തിയായതിന് ശേഷമാണ് ജോര്‍ജിനെ അറസ്റ്റ് ചെയ്തത്. ചോദ്യം ചെയ്യല്‍ പൂര്‍ത്തിയായതോടെ മ്യൂസിയം പൊലീസ് പി.സി.ജോര്‍ജിനെ കസ്റ്റഡിയില്‍ എടുത്ത് അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു.