ഹിജാബ് വിവാദത്തില്‍ എഴുത്തുകാരി തസ്ലീമ നടത്തിയ പരാമര്‍ശങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവും എംപിയുമായ അസറുദ്ദീന് ഒവൈസി. തസ്ലീമ വെറുപ്പിന്റെ പ്രതീകമാണെന്ന് ഒവൈസി പറഞ്ഞു. ‘വെറുപ്പിന്റെ പ്രതീകമായി മാറിയ ഒരു വ്യക്തിക്ക് ഇവിടെ ഇരുന്നു കൊണ്ട് മറുപടി പറയാന്‍ ഞാനില്ല. പുരോഗമനവാദികള്‍ അവരുടെ തിരഞ്ഞെടുപ്പുകളില്‍ സന്തോഷിക്കുന്നുണ്ടാകും. എല്ലാവരും അവരെ പോലെ പെരുമാറണമെന്നാണ് ഇക്കൂട്ടര്‍ ആഗ്രഹിക്കുന്നതെന്നും ഒവൈസി പറഞ്ഞു.
ഭരണഘടന നല്കുന്ന അവകാശങ്ങളും മതപരമായ വ്യക്തിത്വവുമെല്ലാം ഞങ്ങള്‍ ഉപേക്ഷിക്കണമെന്നാണ് വലതുപക്ഷവാദികള്‍ ആഗ്രഹിക്കുന്നത്. എനിക്ക് എന്തും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇന്ത്യന്‍ ഭരണഘടന നല്‍കിയിട്ടുണ്ട്. മതപരമായ എല്ലാ സ്വാതന്ത്ര്യവും എനിക്കുണ്ട്. അതുമായി തന്നെ മുന്നോട്ട് പോകുമെന്നും’ ഒവൈസി പറഞ്ഞു.
ഹിജാബ്, ബുര്‍ഖ, നിഖാബ് തുടങ്ങിയ വസ്ത്രങ്ങള്‍ അടിച്ചമര്‍ത്തലിന്റെ പ്രതീകങ്ങളാണെന്ന തസ്ലീമയുടെ പരാമര്‍ശമാണ് ഒവൈസിയെ ചൊടിപ്പിച്ചത്. ‘ ഏഴാം നൂറ്റാണ്ടിലുള്ള ചിലര്‍ സ്ത്രീകളെ ലൈംഗിക വസ്തുക്കളായാണ് കണ്ടിരുന്നത്. പുരുഷന്മാര് സ്ത്രീകളെ നോക്കിയാല്‍ അവര്‍ക്ക് ലൈംഗികപ്രേരണ ഉണ്ടാകുമെന്നായിരുന്നു അവരുടെ വിശ്വാസം. അതുകൊണ്ട് സ്ത്രീകള്‍ ബുര്‍ഖയും ഹിജാബും ധരിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു. ഇരുപത്തിയൊന്നാം നൂറ്റാണ്ടില്‍ സ്ത്രീയും പുരുഷനും തുല്യരാണെന്ന് നാം മനസിലാക്കി. ഹിജാബും ബുര്ഖയുമെല്ലാം അടിച്ചമര്‍ത്തലിന്റെ അടയാളങ്ങളാണ്. ഈ വസ്ത്രങ്ങള്‍ സ്ത്രീകള്‍ക്ക് അപമാനമാണെന്നും’ തസ്ലീമ പറഞ്ഞിരുന്നു.