തിരുവനന്തപുരം: ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ബഹിഷ്കരിച്ച് പ്രതിപക്ഷം. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് സഭയിലെത്തിയതോടെ ‘ഗോ ബാക്ക്’ മുഴക്കിയ പ്രതിപക്ഷം ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചതോടെയാണ് ഇറങ്ങിപ്പോയത്.
സഭാ സമ്മേളനത്തില്‍ നിങ്ങള്‍ക്ക് ഇതെല്ലാം ഉന്നയിക്കാനുള്ള സമയമുണ്ടെന്നും, ഇപ്പോഴീ പ്രതിഷേധിക്കുന്നത് അനവസരത്തിലാണെന്നും, പ്രതിപക്ഷനേതാവ് ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരുന്ന് അല്പം ഉത്തരവാദിത്തം കാണിക്കണമെന്നും പ്രതിഷേധത്തിനിടെ ഗവര്‍ണര്‍ രോഷാകുലനായി. എന്നാല്‍ പ്രതിഷേധം തുടര്‍ന്ന പ്രതിപക്ഷം സഭ വിട്ടിറങ്ങി സഭാ കവാടത്തില്‍ പ്രതിഷേധിക്കുകയാണ്.
അവസാനമണിക്കൂറില്‍ സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്തിയ ശേഷമാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ഇന്നലെ നയപ്രഖ്യാപന പ്രസംഗം അംഗീകരിച്ചത്.
നയപ്രഖ്യാപന പ്രസംഗം പ്രതിപക്ഷം ബഹിഷ്കരിച്ചേക്കുമെന്ന സൂചനകള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നു.