നാഷണല്‍ ഹെറാള്‍ഡ് കേസ് കെട്ടിച്ചമച്ചതാണെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഉമ്മന്‍ ചാണ്ടി. കേസിലെ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണത്തില്‍ തങ്ങള്‍ക്ക് രണ്ടു നിലപാടില്ല. കേസ് കെട്ടിച്ചമച്ചതാണ്. ഡല്‍ഹി പൊലീസ് വിലക്കിയാലും പാര്‍ട്ടി നേതൃത്വം തീരുമാനമെടുത്തു പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. അസാധാരണ സുരക്ഷ ഏര്‍പ്പെടുത്തുന്ന പിണറായി വിജയന്റെ രീതികള്‍ അംഗീകരിക്കാനാകില്ലെന്ന് അദ്ദേഹം പറഞ്ഞു.
പൊതുജനത്തെ മാസ്‌ക് പോലും ധരിക്കാന്‍ അനുവദിക്കാതെ ബുദ്ധിമുട്ടിക്കുകയാണ്. ഇത് അനുവദിക്കാനാവില്ല. സമരം ഈ രീതിയില്‍ തന്നെ തുടരണമോ എന്നത് കോണ്‍ഗ്രസ് നേതൃത്വം തീരുമാനിക്കുമെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു. മുഖ്യമന്ത്രിയെ കരിങ്കൊടി കാണിക്കാന്‍ ആര്‍ക്കും അനുവാദമില്ല എന്നത് നിര്‍ഭാഗ്യകരമാണ്. കൊടിയില്ലെങ്കില്‍ ഉടുപ്പൂരി കാണിക്കും എന്ന ചിന്ത കൊണ്ടാണ് കറുത്ത വസ്ത്രം ധരിക്കാന്‍ അനുവദിക്കാത്തത്. ഈ മനോഭാവം പാടില്ല എന്നും ഉമ്മന്‍ ചാണ്ടി പ്രതികരിച്ചു.