മുംബൈ: മുംബൈയിലെ ഏറ്റവും പുതിയ ജീനോം സീക്വൻസിംഗിൽ പരിശോധിച്ച സ്രവ സാമ്പിളുകളിൽ 95 ശതമാനത്തിലും കൊവിഡ്-19ന്റെ ഒമിക്രോൺ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തി. ബ്രിഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ ആണ് ഇക്കാര്യം അറിയിച്ചത്. ദിവസേനയുള്ള കേസുകളിൽ വലിയ കുറവുണ്ടായിട്ടുണ്ടെങ്കിലും കൊവിഡ് പെരുമാറ്റ ചട്ടങ്ങൾ കൃത്യമായി പാലിക്കണമെന്ന് അധികൃതർ ഇന്നലെ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു.
നഗരത്തിലെ ഒമ്പതാം റൗണ്ട് ജീനോം സീക്വൻസിംഗിന്റെ ഫലങ്ങളിൽ ആണ് ഒമൈക്രോൺ സാന്നിധ്യം കൂടുതലായി കണ്ടെത്തിയത്. പരിശോധിച്ച ആകെ 190 സാമ്പിളുകളിൽ 180 (94.74%) എണ്ണത്തിൽ ആണ് ഒമിക്രോൺ സാന്നിധ്യം കണ്ടെത്തിയത്. ഡിസംബറിന്റെ അവസാനത്തിൽ നടത്തിയ ജീനോം സീക്വൻസിംഗിന്റെ മുൻ റൗണ്ടിൽ, ബിഎംസിയുടെ അധികാരപരിധിയിൽ നിന്ന് ശേഖരിച്ച 280 സാമ്പിളുകളിൽ, 248 എണ്ണത്തിലാണ് ഒമിക്രോൺ കണ്ടെത്തിയത്.
നിലവിൽ പരിശോധിച്ച 190 രോഗികളിൽ 74 രോഗികൾ (39 ശതമാനം) 61 നും 80 നും ഇടയിൽ പ്രായമുള്ളവരാണെന്നും 41 രോഗികൾ (22 ശതമാനം) 41 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവരാണെന്നും 36 പേർ (19 ശതമാനം) 21-നും 40-നും ഇടയിൽ പ്രായമുള്ളവരാണെന്നും ബിഎംസി വ്യക്തമാക്കി. ഇന്നലെ മുംബൈയിൽ 192 പുതിയ കൊവിഡ് 19 കേസുകൾ റിപ്പോർട്ട് ചെയ്തു. 2021 ഡിസംബർ 13 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കേസുകളുടെ എണ്ണമാണിത്. രണ്ട് പുതിയ മരണങ്ങളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.