മുഖ്യമന്ത്രി പിണറായി വിജയന് എതിരെ സ്പീക്കര്‍ക്ക് അവകാശലംഘന നോട്ടീസ് നല്‍കി മാത്യു കുഴല്‍നാടന്‍ എംഎല്‍എ. നിയമസഭയുടെ നടപടിക്രമങ്ങളും കാര്യനിര്‍വഹണവും സംബന്ധിച്ച ചട്ടം 154 പ്രകാരമാണ് നോട്ടീസ്.
സ്വര്‍ണക്കടത്ത് കേസിലെ പ്രതിയുടെ വെളിപ്പെടുത്തലുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ ചര്‍ച്ചയ്ക്കിടെ വസ്തുതാവിരുദ്ധമായ കാര്യങ്ങള്‍ പറഞ്ഞ് സഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് കാണിച്ചാണ് നോട്ടീസ്. മകള്‍ വീണാ വിജയന്റെ കമ്പനിയുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി നടത്തിയ പ്രസ്താവനകള്‍ വസ്തുതാവിരുദ്ധമാണെന്നും ആരോപിച്ചാണ് സ്പീക്കര്‍ക്ക് കത്ത് നല്‍കിയത്.
വീണാ വിജയന്റെ മെന്ററാണ് സ്വപ്നയ്ക്ക് ജോലി നല്‍കിയ പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേഴ്സ് ഡയറക്ടര്‍ ജെയ്ക് ബാലഗോപാല്‍ എന്നും വീണ തന്റെ പറഞ്ഞ ഇക്കാര്യം പിന്നീട് അവരുടെ കമ്പനി വെബ്സൈറ്റില്‍ നിന്ന് ഇല്ലാതായെന്നും മാത്യു കുഴല്‍നാടന്‍ മുന്‍പ് സഭയില്‍ ആരോപിച്ചിരുന്നു.
എന്നാല്‍, അടിയന്തര പ്രമേയ ചര്‍ച്ചക്ക് മറുപടി പറഞ്ഞ മുഖ്യമന്ത്രി ‘മാത്യു കുഴല്‍ നാടന്‍ പറഞ്ഞത് പച്ചക്കള്ളമാണെന്നും അത്തരത്തിലുള്ള ഒരു വ്യക്തി മെന്റ്ര് ആയിട്ടുണ്ടെന്ന് മകള്‍ ഒരു ഘട്ടത്തിലും പറഞ്ഞിട്ടില്ല എന്നും സത്യവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണോ അവതരിപ്പിക്കുന്നത് ‘എന്നും പൊട്ടിത്തെറിച്ചു. എന്നാല്‍, പിന്നീട് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ ആരോപണങ്ങള്‍ സംബന്ധിച്ച തെളിവുകള്‍ മാത്യു കുഴല്‍നാടന്‍ പുറത്തുവിട്ടു.
സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിച്ച മുഖ്യമന്തിക്കെതിരേ അവകാശ ലംഘനത്തിനു നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് മാത്യു കുഴല്‍നാടന്‍ എംഎല്‍എ നോട്ടിസ് നല്‍കിയത്.