മുസ്ലീം സ്ത്രീകൾ ഹിജാബ് ധരിക്കാൻ നിർബന്ധിതരാകുകയാണെന്നും അവർ ഹിജാബ് ധരിക്കുന്നത് സ്വന്തം ഇഷ്ടപ്രകാരമല്ലെന്നും ഹിജാബ് വിവാദങ്ങൾക്കിടെ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. സ്ത്രീകൾ എപ്പോഴെങ്കിലും മുത്തലാഖ് ദുരാചാരം തിരഞ്ഞെടുത്തിട്ടുണ്ടോ? ആ പെൺമക്കളോടും സഹോദരിമാരോടും ചോദിക്കൂ. ഞാൻ അവരുടെ കണ്ണുനീർ കണ്ടു. അവരുടെ കഷ്ടപ്പാടിനെക്കുറിച്ച് പറയുമ്പോൾ അവരുടെ ബന്ധുക്കൾ കണ്ണീർ പൊഴിക്കുന്നുണ്ടായിരുന്നു എന്ന് യോഗി ആദിത്യനാഥ് പറഞ്ഞു,
ജോൺപൂരിൽ നിന്നുള്ള ഒരു സ്ത്രീ മുത്തലാഖ് നിർത്തലാക്കിയതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ സംഭവം അദ്ദേഹം ഓർമിപ്പിച്ചു. വസ്ത്രധാരണം ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ്. ബാഹ്യ സമ്മർദ്ദങ്ങൾക്ക് വിധേയമായല്ല വസ്ത്ര ധാരണം തിരഞ്ഞെടുക്കേണ്ടത്. തന്റെ ഓഫീസിലെയോ , പാർട്ടിയിലെയോ എല്ലാവരോടും കാവി ധരിച്ച് വരണമെന്ന് തനിക്ക് നിർബന്ധിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു. ദേശീയ മാദ്ധ്യമങ്ങൾക്ക് നൽകിയ അഭിമുഖത്തിനിടെയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്
സ്കൂളുകളിലും കോളേജുകളിലും പെൺകുട്ടികളും സ്ത്രീകളും ഹിജാബ് ധരിച്ചതിൽ വ്യാപകമായ പ്രതിഷേധത്തിന് കർണാടക സാക്ഷ്യം വഹിച്ച സാഹചര്യത്തിലാണ് യോഗി ആദിത്യനാഥിന്റെ പരാമർശം. ഒരു മാസം മുമ്പ് ചില മുസ്ലീം പെൺകുട്ടികളെ സംസ്ഥാനത്തെ ചില കോളേജുകളിൽ പ്രവേശിക്കുന്നതിൽ നിന്ന് വിലക്കിയതോടെയാണ് വിഷയം പൊട്ടിപ്പുറപ്പെട്ടത്. വിഷയത്തിൽ ദേശീയ രാഷ്ട്രീയ പാർട്ടികൾ പരസ്പരം കടന്നാക്രമിച്ചതോടെ തർക്കം കൂടുതൽ രൂക്ഷമായിരിക്കുകയാണ്.