സ്വപ്ന സുരേഷ് പ്രതിയായ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട ഗൂഢാലോചനാ കേസില്‍ ഷാജ് കിരണിനും സുഹൃത്ത് ഇബ്രാഹിമിനും മുന്‍കൂര്‍ ജാമ്യമില്ല. അപേക്ഷ കോടതി തള്ളി. ആവശ്യമെങ്കില്‍ ഇരുവരെയും പൊലീസിന് നോട്ടീസ് നല്‍കി വിളിപ്പിക്കാമെന്ന് കോടതി അറിയിച്ചു. ഷാജിനെയും സുഹൃത്ത് ഇബ്രാഹീമിനെയും പ്രതിചേര്‍ത്തിട്ടില്ലെന്ന് പൊലീസിനു വേണ്ടി പ്രോസിക്യൂഷന്‍ കോടതിയില്‍ വ്യക്തമാക്കി.
കേസില്‍ അറസ്റ്റിന് സാധ്യതയുണ്ടെന്നും സ്വപ്ന സുരേഷ് ഓഡിയോ ക്ലിപ്പില്‍ കൃത്രിമം കാണിച്ചെന്നും ചൂണ്ടികാട്ടിയാണ് ഷാജ് കിരണും ഇബ്രാഹിമും ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യ ഹര്‍ജി നല്‍കിയത്. അതേസമയം ഷാജ് കിരണിനെയും ഇബ്രാഹിമിനെയും ബുധനാഴ്ച്ച കൊച്ചിയില്‍ ചോദ്യം ചെയ്യാന്‍ ആണ് അന്വേഷണം സംഘം ആലോചിക്കുന്നത്. എറണാകുളം ക്രൈംബ്രാഞ്ച് ഓഫീസിലാകും ചോദ്യം ചെയ്യല്‍.
സ്വപ്നയുമായി നടത്തിയ സൗഹൃദ സംഭാഷണം റെക്കോര്‍ഡ് ചെയ്ത് കൃത്രിമം കാണിച്ച് പുറത്തുവിട്ടു. ഇത് ഗൂഢാലോചനയുടെ ഭാഗമാണ്. തങ്ങള്‍ക്കെതിരെ ഗൂഢാലോചന നടന്നെന്ന് കാണിച്ച് സംസ്ഥാന പൊലീസ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. അന്വേഷണവുമായി പൂര്‍ണമായി സഹകരിക്കുമെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.