പോക്സോ കേസ് പ്രതികളില്‍ ഒരാളായ അഞ്ജലി റീമ ദേവിന് എതിരെ വീണ്ടും കേസെടുത്തു. പോക്സോ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയതാണ് കേസെടുത്തത്. ഇന്‍സ്റ്റന്റ് ഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലായിരുന്നു അഞ്ജലി ഇരയുടെ പേര് വെളിപ്പെടുത്തിയത്.
കൊച്ചി സൈബര്‍ സെല്‍ ആണ് കേസെടുത്തത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയിലൂടെ പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തി അഞ്ജലി വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിനെതിരെ പെണ്‍കുട്ടിയുടെ അമ്മ പരാതി നല്‍കുകയായിരുന്നു. പ്രായ പൂര്‍ത്തിയാവാത്ത മകളെ ഹോട്ടലില്‍ കൊണ്ടുവന്നത് അമ്മയായിരുന്നു എന്നായിരുന്നു അഞ്ജലി വീഡിയോയില്‍ പറഞ്ഞത്. കള്ളക്കേസാണെന്നും പണം സംബന്ധമായ തര്‍ക്കമാണ് പരാതിയുടെ കാരണമെന്നും അഞ്ജലി പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത മകളെ ബാറിലടക്കം കൊണ്ടുനടന്നത് അമ്മയാണെന്നും പരാതിക്കാരിയ്ക്ക് ക്രിമിനല്‍ പശ്ചാത്തലമുണ്ടെന്നുമാണ് കഴിഞ്ഞ ദിവസം ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ അഞ്ജലി പറഞ്ഞത്. പോക്സോ കേസില്‍ നമ്പര്‍ 18 ഹോട്ടലുടമ റോയ് വയലാട്ട് അടക്കം മൂന്ന് പേര്‍ക്കെതിരെ പൊലീസ് അന്വേഷണം തുടരുന്നതിനിടെയാണ് പരാതിക്കാരിയെ അപമാനിച്ച് പ്രതികളില്‍ ഒരാളായ അഞ്ജലി തുടര്‍ച്ചയായി സോഷ്യല്‍ മീഡിയയിലൂടെ പ്രതികരണങ്ങള്‍ നടത്തുന്നത്.
2021 ഒക്ടോബറില്‍ ഹോട്ടലില്‍ വെച്ച് ലൈംഗികമായി പീഡിപ്പിച്ചെന്നും പീഡന ദൃശ്യങ്ങള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തി ഭീഷണിപ്പെടുത്തിയെന്നുമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ പരാതി. ഹോട്ടലുടമ റോയി വയലാറ്റ്, സുഹൃത്ത് സൈജു തങ്കച്ചന്, അഞ്ജലി എന്നിവരാണ് കേസിലെ പ്രതികള്‍. കോഴിക്കോട് സ്വദേശിയായ അഞ്ജലി വഴിയാണ് ഹോട്ടലിലേക്ക് പെണ്‍കുട്ടികളെ എത്തിക്കുന്നതെന്ന് പരാതിയില്‍ പറയുന്നു.